തൃശൂര്‍ : വ്യാജവിവരം നല്‍കി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി കേസില്‍ കുടുക്കി നിരപരാധിയായ യുവതി ജയിലില്‍ കഴിയാനിട വന്ന സംഭവത്തില്‍ പ്രതിയായ തൃപ്പൂണിത്തുറ ഏരൂര്‍ നാരായണീയം വീട്ടില്‍ ടി.എം.എന്‍. നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളി. ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയയായ ഷീല സണ്ണിയെ മനപ്പൂര്‍വം കേസില്‍ കുടുക്കുന്നതിനായി അവരുടെ ബാഗിലും സ്‌കൂട്ടറിലുമായി മയക്കുമരുന്നായ 0.160 ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പ് 12 എണ്ണം ഒളിപ്പിച്ച് വച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് രഹസ്യവിവരമെന്നോണം നല്‍കി. ഷീലയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു.
പിന്നീട് ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസാണ് കേസെടുത്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന് കളവായ വിവരം നല്‍കിയതെന്ന് മനസിലാക്കിയിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മജിസ്‌ട്രേട്ട് മുന്‍പാകെ നാരായണദാസിന്റെ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയും നാരായണദാസും തമ്മിലുള്ള അടുപ്പവും അവര്‍ തമ്മിലുള്ള ബാങ്ക് ഇടപാടുകളും അന്വേഷണോദ്യോഗസ്ഥന്‍ ബാങ്കിന്റെ രേഖകള്‍ പരിശോധിച്ചതിലും ഫോണിന്റെ കോള്‍ റെക്കാര്‍ഡുകള്‍ പരിശോധിച്ചതിലും കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ബന്ധുവായ യുവതിയെ സംശയമുണ്ടെന്ന് ഷീല പരാതിപ്പെട്ടിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് യുവതി ചാലക്കുടിയിലെ ഷീലയുടെ വീട്ടില്‍ എത്തിയിരുന്നുു. അന്ന് യുവതി തങ്ങിയിരുന്ന ഷീല സണ്ണിയുടെ മുറിയില്‍ തന്നെയാണ് സ്റ്റാമ്പുകള്‍ കണ്ടെത്തിയ ബാഗ് സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തി. കൂടാതെ 2023 ഫെബ്രുവരി 26ന് ഷീല സണ്ണിയുടെ സ്‌കൂട്ടര്‍ യുവതി ഉപയോഗിച്ചിരുന്നുവെന്നും സ്‌കൂട്ടറില്‍ നിന്നും സ്റ്റാമ്പുകള്‍ കണ്ടെടുത്തിരുന്നുവെന്നും ആയതിനാലാണ് യുവതിയെ സംശയമെന്നും ഷീല സണ്ണി മൊഴി നല്‍കിയിരുന്നു. ഷീല സണ്ണിയുടെ മകനും യുവതിയെ സംശയമുണ്ടെന്ന് പറഞ്ഞിരുന്നതിനാല്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്നും മൊഴി നല്‍കിയിരുന്നു.
യുവതിയും ഷീലയും തമ്മില്‍ കുടുംബപരമായ ചില പ്രശ്‌നങ്ങളുടെ പേരില്‍ നേരത്തെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ബാംഗ്ലൂരില്‍ പഠിച്ചു കൊണ്ടിരുന്ന യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ ദിവസങ്ങളില്‍ 2,40,000 രൂപ കാഷ് ഡെപ്പോസിറ്റ് നടത്തിയതായി കണ്ടെത്തി. ഡെപ്പോസിറ്റ് നടത്തിയത് മറ്റൊരു വ്യക്തിയായിരുന്നു. ഡെപ്പോസിറ്റ് ചെയ്യുന്ന സമയം ദൃശ്യങ്ങള്‍ സി.സി.ടി.വിയിലൂടെ ലഭിച്ചിക്കുകയും ചെയ്തു. അതില്‍നിന്നും നാരായണദാസാണ് വ്യാജപേരു പറഞ്ഞ് രഹസ്യവിവരങ്ങള്‍ നല്‍കിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന് ബോധ്യപ്പെട്ടു. നാരായണദാസ് ഉപയോഗിച്ചിരുന്ന ഭാര്യാമാതാവിന്റെ ഫോണില്‍ നിന്ന് യുവതി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് ധാരാളം കോളുകള്‍ ചെയ്തിരുന്നതായും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല ഷീലയുടെ വീട്ടില്‍ യുവതി ഉണ്ടായ ദിവസം യുവതിയുടെ ഫോണിലേക്ക് നാരായണദാസിന്റെ ഫോണ്‍ കോള്‍ വന്നതായും കണ്ടെത്തിയിരുന്നു. കേസന്വേഷണം തടസപ്പെടുത്തുന്നതിന് നാരായണദാസ് ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ചെയ്തിരുന്നു. തെളിവുകള്‍ പുറത്തു വരാതിരിക്കാനായി യുവതി ഉപയോഗിച്ചിരുന്ന നാരായണദാസിന്റെ സുഹൃത്ത് വിനീഷിന്റെ ഫോണ്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
നാരായണദാസിനെ കേസില്‍ കളവായി കുടുക്കിയതാണെന്നും ഷീല സണ്ണിയുടെ കേസുമായി നാരായണദാസിന് യാതൊരു വിധ ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചുവെങ്കിലും എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ മജിസ്‌ട്രേട്ട് മുന്‍പാകെയുള്ള മൊഴിയും അന്വേഷണോദ്യോഗസ്ഥന്‍ കണ്ടെടുത്ത കോള്‍ ഡാറ്റാ റെക്കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും പ്രതിയുടെ പങ്കാളിത്തത്തെ സംബന്ധിച്ച് കൃത്യമായ തെളിവാണെന്നും നിരപരാധിയായ ഒരു സ്ത്രീയെ 20 വര്‍ഷം ശിക്ഷിക്കാവുന്ന കേസില്‍ മനപ്പൂര്‍വം കുടുക്കി 72 ദിവസം ജയിലില്‍ കിടത്തിയ പ്രതിക്ക് ഒരു കാരണവാശാലും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതിയെ ചോദ്യം ചെയ്ത് കൂടുതല്‍ പ്രതികളെ കണ്ടെത്തേണ്ടതുണ്ടെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.