ഡൽഹി (Delhi) : ഡൽഹി മോത്തി നഗറിൽ (Delhi, Mothinagar) താമസിക്കുന്ന അജിത്കുമാർ (Ajithkumar) (30) ആണു പിടിയിലായത്. അയൽവീട്ടിലെ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്തു കളിച്ച് കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ വീടിനടുത്തുള്ള കടയിലെ ഫോണിലേക്കു വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. ശേഷം സ്ഥലത്തെത്തിയ ഇയാൾ കാണാതായ കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ സംഘത്തിനൊപ്പം ചേർന്നു.
പണം ആവശ്യപ്പെട്ട് ഇയാൾ പലതവണ കടയിലേക്കു ഫോൺ ചെയ്തിരുന്നു. സിം കാർഡുകൾ മാറി ഉപയോഗിച്ചാണു വിളിച്ചത്. പരിസരത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ച് ഒരേ ഫോണിൽ നിന്നു വിളിച്ചതാണ് അജിത് കുമാറിനെ സംശയിക്കാൻ ഇടയാക്കിയതെന്നു ഡിസിപി വിചിത്ര വീർ പറഞ്ഞു. പിന്നീട് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയെന്നു പറഞ്ഞു. അജിത്തിന്റെ വീടിനുള്ളിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

                                    
