കൊച്ചി (Kochi) : വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. (Stale food was seized from the center where food is delivered to trains including Vande Bharat.) എറണാകുളം കടവന്ത്രയിൽ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയിൽവേയുടെ കാറ്ററിങ് സെന്റററായ വൃന്ദാവൻ എന്ന സ്ഥാപനത്തിൽ നിന്നാണ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയത്.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നാണ് ഇവിടെ നിന്നും ലഭിച്ച വിവരമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്‌പെക്ടർ വി വി സുരേഷ് അറിയിച്ചു.
കോർപ്പറേഷൻ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. നേരത്തെയും ഈ സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിരുന്നു. മലിന ജലം പുറത്തേക്ക് ഒഴുക്കുന്നുവെന്നായിരുന്നു അന്ന് പരാതി ലഭിച്ചത്. അന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുകയും ഫൈൻ അടപ്പിക്കുകയും ചെയ്തിരുന്നു.
റെയിൽവേയുടെ കാന്റീനിലേക്ക് ഇവിടെ നിന്നാണ് ഭക്ഷണം അയക്കുന്നത്. സ്ഥാപനം അടച്ചു പൂട്ടി സീൽ ചെയ്യുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ദുർഗന്ധം വമിച്ചതോടെയാണ് പരിശോധന നടത്തിയത്. പഴകിയ ഇറച്ചിയടക്കം സൂക്ഷിച്ച് വച്ചതായി കണ്ടെത്തി.