ബെംഗളൂരു (Bangalur) : കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. (Malayali arrested for sexually assaulting Kannada serial actress) വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്.
സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.


