ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം ഒഴിയും. റായ്ബറേലിയില്‍ തുടരും. പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തീരുമാനമെടുക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെയാണ് പാര്‍ട്ടി തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന മണിക്കൂറുകള്‍ നീണ്ട് നിന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്.
അതിവൈകാരികമായാണ് യോഗത്തിന് ശേഷം രാഹുല്‍ഗാന്ധി സംസാരിച്ചത്. വിഷമഘട്ടത്തില്‍ കൂടെ നിന്ന വയനാട് ജനതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. വയനാടിനെ ഒരിക്കലും മറക്കില്ലെന്നും ഇനിയും ഇടയ്ക്കിടെ വയനാട് എത്തുമെന്നും തന്റെ സ്വന്തം മണ്ഡലമായ വയനാട് സഹോദരിയെ ഏല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്ത് പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടില്‍. പ്രിയങ്ക എത്തുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ വയനാട് വീണ്ടും ശ്രദ്ധ നേടുകയാണ്.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി ജയിച്ച് കയറിയത്. സിപിഐയുടെ ആനിരാജയാണ് രണ്ടാമതെത്തിയത്.
കോണ്‍ഗ്രസ് ആദ്യമെ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തിരുന്നു. ഈ വാര്‍ത്ത തനിനിറം വെബ്‌സൈറ്റ് മെയ് 4ന് പ്രസിദ്ധീകരിച്ചിരുന്നു.