നവോത്ഥാന സമിതിയില്‍ നിന്നും വെളളാപ്പളളി തെറിക്കും;യോഗനാദം ലേഖനത്തിലെ പരാമര്‍ശങ്ങളില്‍ സിപിഎമ്മിന് അതൃപ്തി

Written by Taniniram

Published on:

തിരുവനന്തപുരം: നവോത്ഥാന സമിതി പുനസംഘടിപ്പിക്കുന്നതും മരവിപ്പിക്കുന്നതും സര്‍ക്കാരിന്റെ ആലോചനയില്‍. വെള്ളാപ്പള്ളി നടേശനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റാനാണ് നീക്കം. നവോത്ഥാന സമിതി മരവിപ്പിക്കണമെന്നും അത്തരത്തിലൊരു പ്രസ്ഥാനത്തിന്റെ ആവശ്യമില്ലെന്നും സിപിഎമ്മിന് അഭിപ്രായമുണ്ട്. നവോത്ഥാന സമിതിയുടെ വൈസ് ചെയര്‍മാന്‍ പദവി ഹുസൈന്‍ മടവൂര്‍ രാജിവെച്ചിരുന്നു. ഇടത് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തി എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് നടപടി. വെള്ളാപ്പള്ളിയുടെ പ്രസ്താവന സര്‍ക്കാരിനും നാണക്കേടായി. ഈ സാഹചര്യത്തിലാണ് നവോത്ഥാന സമിതിയില്‍ സര്‍ക്കാരും സിപിഎമ്മും പുനരോലോചന നടത്തുന്നത്. യാഥാര്‍ത്ഥ നവോത്ഥാനത്തെ തുരങ്കം വയ്ക്കുന്നതാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്ന വിലയിരുത്തലിലാണ് സിപിഎം.

അതിനിടെ വെള്ളാപ്പള്ളിയെ പ്രത്യക്ഷത്തില്‍ പിണക്കുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാകുമെന്നും അഭിപ്രായമുണ്ട്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കാണ് ഈഴവര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിക്ക് കിട്ടി. ഈ വോട്ടു നഷ്ടമാണ് സിപിഎമ്മിന് വലിയ തിരിച്ചടിയായത്. പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയതുമില്ല. അതുകൊണ്ടു തന്നെ വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയില്‍ നിന്നും പുറത്താക്കുന്നത് ഏത് അര്‍ത്ഥത്തില്‍ പ്രതിഫലിക്കുമെന്ന് സിപിഎമ്മിന് ആശയക്കുഴപ്പമുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാകും തീരുമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍കാലം ഇനി നവോത്ഥാന സമിതിയ യോഗങ്ങള്‍ ചേരില്ല. ശബരിമല സ്ത്രീ പ്രവേശന വിവാദകാലത്താണ് വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തി നവോത്ഥാന സമിതി സര്‍ക്കാര്‍ തുടങ്ങിയത്.

മുസ്ലിം സമുദായം സര്‍ക്കാറില്‍ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. പ്രത്യേക വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുന്നു. മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീംങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കി. ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. ഈഴവര്‍ക്ക് നീതി കിട്ടുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ക്രിസ്ത്യാനികള്‍ക്ക് പോലും സിപിഐഎമ്മിനോട് വിരോധം ഉണ്ടായി. ന്യൂനപക്ഷക്കാരന് മാത്രം സിപിഎം എല്ലാ പദവിയും അവസരവും നല്‍കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു.

See also  എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്

Leave a Comment