സുപ്രീംകോടതി കാന്റീനില്‍ നവരാത്രിക്ക് മാംസാഹാരമോ, ഉള്ളിയും പയർവർഗങ്ങളുമുള്ള ഭക്ഷണമോ ഇല്ല; ആശങ്കയോടെ അഭിഭാഷകര്‍

Written by Web Desk1

Published on:

ഒമ്പതു ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ഭാ​ഗമായി സുപ്രീം കോടതി കാന്റീൻ മെനു പരിഷ്കരിച്ചതിനെതിരെ അഭിഭാഷകര്‍. കാന്റീന്‍ മെനുവില്‍ മാംസാഹാരമോ, ഉള്ളി, വെളുത്തുള്ളി, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണമോ ഉള്‍പ്പെടുത്താത്തതിലാണ് ഒരു കൂട്ടം അഭിഭാഷകര്‍ ആശങ്കയറിയിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി സുപ്രീംകോടതിയില്‍ നവരാത്രി ആഘോഷം നടക്കാറുണ്ടെങ്കിലും, മുമ്പെങ്ങുമില്ലാത്ത കീഴ്‌വഴക്കമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അത് ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ (എസ്‍സിബിഎ), സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷന്‍ (എസ്‍സിഎഒആർഎ) പ്രസിഡന്റുമാര്‍ക്ക് അഭിഭാഷകര്‍ കത്തയച്ചു.

സുപ്രീം കോടതി അഭിഭാഷകര്‍ എല്ലാക്കാലത്തും നവരാത്രി ആഘോഷിക്കാറുണ്ട്. ഒമ്പത് ദിവസത്തേക്ക് വീട്ടില്‍നിന്ന് പ്രത്യേക ഭക്ഷണം കൊണ്ടുവരാറുമുണ്ട്. എന്നാല്‍, ഈ വര്‍ഷം, ആദ്യമായി സുപ്രീം കോടതി കാന്റീനില്‍ നവരാത്രി ഭക്ഷണം മാത്രമേ നല്‍കൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇത് മുമ്പെങ്ങും ഇല്ലാത്തതും ഭാവിയിലേക്ക് മോശം കീഴ്‌വഴക്കം സൃഷ്ടിക്കുന്നതുമാണ് – അഭിഭാഷകര്‍ കത്തില്‍ പറയുന്നു.

സഹപ്രവര്‍ത്തകര്‍ നവരാത്രി ആഘോഷിക്കുന്നതിനെ ബഹുമാനിക്കുമ്പോള്‍ തന്നെ, എല്ലാ ദിവസവും കാന്റീന്‍ ഭക്ഷണം ആശ്രയിക്കുന്നവരുടെമേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കരുതെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു. നീക്കം ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തിന് എതിരാണ്. ഇപ്പോള്‍ ഇത്തരം നിയന്ത്രണങ്ങള്‍ അനുവദിക്കുന്നത്, ഭാവിയില്‍ മറ്റനേകം നിയന്ത്രണങ്ങള്‍ ചുമത്തപ്പെടുന്നതിന് വഴിതെളിക്കുമെന്നും അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചിലരുടെ ആഗ്രഹം നിറവേറ്റുന്നതിനായി മാംസാഹാരമോ, ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത ഭക്ഷണമോ വിളമ്പാതിരിക്കുന്നത് നമ്മുടെ ബഹുസ്വര പാരമ്പര്യങ്ങള്‍ക്ക് യോജിച്ചതല്ല, അത് പരസ്പര ബഹുമാനത്തിന് കോട്ടം വരുത്തും. ഒരിക്കല്‍ ഇത് അനുവദിക്കപ്പെട്ടാല്‍, ഇത്തരത്തിലുള്ള മറ്റനേകം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള തുറന്ന അവസരമായി അത് മാറും. അതിനാല്‍, നവരാത്രി ആഘോഷിക്കുന്നവര്‍ക്ക് നവരാത്രി മെനു ഓപ്ഷനായി അനുവദിച്ചുകൊണ്ട് പഴയ മെനു പുനഃസ്ഥാപിക്കാന്‍ അസോസിയേഷനുകള്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു.

See also  പ്രിയ വർഗീസിന്റെ നിയമനം: യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സുപ്രീംകോടതി നിരീക്ഷണം

Leave a Comment