കുവൈറ്റിലെ ക്യാമ്പിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക് എത്തിക്കാനുളള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം കുവൈറ്റിലേക്ക് തിരിച്ചു.
കുവൈറ്റിലെ മംഗഫിലെ കമ്പനി ഫ്‌ലാറ്റില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 11 മലയാളികള്‍ അടക്കം 49 പേരാണ് മരണപ്പെട്ടത്. ഇതില്‍ 10 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 40 പേരും ഇന്ത്യക്കാരാണ്. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി അറിവായിട്ടില്ല. എന്നാല്‍ കെട്ടിടത്തിന്റെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. കമ്പനിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ താമസിച്ചിരുന്ന എന്‍ബിടിസി ഗ്രൂപ്പാണ് ഈ കെട്ടിടം വാടകയ്ക്ക് എടുത്തത്.