ഡ്രോൺ ഉപയോഗിച്ച് പരിശോധന തുടങ്ങി; കുത്തൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങാനായില്ല…

Written by Web Desk1

Updated on:

അങ്കോള (Angola) : കർണാടകയിലെ ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ഭാഗമായി പുഴയിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു.

പുഴയിലെ കുത്തൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിൽ ഇറങ്ങിയുള്ള പരിശോധന സാധ്യമായില്ല. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ മൂന്നു ബോട്ടുകളിലായി ലോറിയുണ്ടെന്ന് അനുമാനിക്കുന്ന ഭാഗത്ത് പരിശോധന നടത്തിയിരുന്നു. ഒഴുക്കും പുഴയ്ക്ക് അടിയിലെ ദൃശ്യതയുമാണ് പരിശോധിച്ചത്. കലങ്ങിമറിഞ്ഞ വെള്ളവും ശക്തമായ അടിയൊഴുക്കും കാരണം ഇപ്പോഴും ലോറിയുണ്ടെന്ന് കരുതുന്ന അടിത്തട്ടിലേക്ക് ഇറങ്ങുന്നത് വെല്ലുവിളിയായി തുടരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

15 അംഗ സംഘമാണ് ബോട്ടുകളില്‍ പരിശോധന നടത്തിയത്. പുഴയിലെ അടിയൊഴുക്ക് അപകടനിലയില്‍ തുടരുന്ന സാഹചര്യത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഉടനെ പുഴയുടെ അടിത്തട്ടിലേക്ക് പോകാന്‍ കഴിയില്ലെന്ന് നാവികസേന വ്യക്തമാക്കുന്നു.അടുത്ത ഘട്ടം തീരുമാനിക്കുന്നതിനായി ദൗത്യസംഘം യോഗം ചേര്‍ന്നിട്ടുണ്ട്. മുങ്ങല്‍ വിദ്ഗധര്‍ക്ക് സാങ്കേതിക സഹായം ഒരുക്കുന്നതിനായി എത്തിച്ച ഐബോഡ് ഉപയോഗിച്ചുള്ള പരിശോധനയും ഉച്ചയോടെ നടക്കും.

കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനിടയില്‍ ലോറിയുണ്ടെന്നാണ് ബുധനാഴ്ച കണ്ടെത്തിയത്. 15 മീറ്റര്‍ താഴ്ചയില്‍ കിടക്കുന്ന ട്രക്കിനടുത്ത് പരിശോധന നടത്താൻ നാവികസേനയുടെ സ്‌കൂബാ ടീം ബുധനാഴ്ച എത്തിയെങ്കിലും ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ കഴിയാതെ മടങ്ങിയിരുന്നു. അത്യാധുനിക സംവിധാനങ്ങളുടെ പിന്തുണയോടെ മുങ്ങല്‍ വിദഗ്ധരെ ലോറിക്കടുത്തേക്ക് എത്തിക്കുന്നതിനാണ് ഇപ്പോള്‍ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്ന മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലനടങ്ങുന്ന സംഘവുമാണ്.

വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ഐ ബി ഒ ഡി എന്ന അത്യാധുനിക സംവിധാനമാണ് ഉപയോഗിക്കുക. ‘നാവികസേന ലോറിയുണ്ടെന്ന് അനുമാനത്തിലെത്തിയ പ്രദേശത്ത് ഓപ്പറേഷന്‍ നടത്തണമെങ്കില്‍ കൃത്യമായ ഒരുരൂപരേഖ വേണം. കൂടാതെ ഇറങ്ങുന്നവര്‍ക്ക് നല്ല ആത്മവിശ്വാസവും ഉണ്ടാകേണ്ടതുണ്ട്. കാരണം വെള്ളത്തിന്റെ അടിയൊഴുക്ക് ശക്തമാണ്. നിലവിലെ ഒഴുക്കനുസരിച്ച് ജീവന്‍തന്നെ അപകടത്തില്‍പ്പെടുന്ന ഒരു സാഹചര്യമുണ്ട്.

ട്രക്കിന്റെ കൃത്യസ്ഥാനം ഉറപ്പിച്ചിട്ടുവേണം ഇറങ്ങാന്‍. ഏത് ഭാഗത്താണ് ഇതിന്റെ ക്യാബിന്‍ കിടക്കുന്നതെന്നതടക്കം മനസ്സിലാക്കിയാലേ മുങ്ങുന്നവര്‍ക്ക് കൂടുതല്‍ എളുപ്പമാകൂ. അതിനുള്ള സങ്കേതിക സംവിധാനമാണ് ഞങ്ങള്‍ ഒരുക്കുന്നത്’ റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലന്‍ പറഞ്ഞു.

See also  അരിക്കും ആട്ടയ്ക്കും ഒപ്പം ഇനി ഭാരത് പരിപ്പും

Related News

Related News

Leave a Comment