ലഖ്നൗ: രാജ്യത്തെ ഞെട്ടിച്ച ഹഥ്‌റാസ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രികളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാന്‍ കാരണമായതായി മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു.
ദുരന്തത്തിന് കാരണമായ ‘സത്സംഗ്’ സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം ‘ഭോലെ ബാബ’ അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിന്‍പുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ‘ഭോലെ ബാബ’ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂര്‍ ഗ്രാമവാസിയാണ് ഇദ്ദേഹം എന്നാണ് റിപ്പോര്‍ട്ട്. 26 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് താന്‍ മത പ്രഭാഷണത്തിലേക്ക് തിരിഞ്ഞുവെന്ന് ഭോലെ ബാബ അവകാശപ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ പരിപാടികളില്‍ പ്രതേക പ്രാര്‍ത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്. കോവിഡ് കാലത്താണ് ഇദ്ദേഹം കൂടുതല്‍ പ്രസിദ്ധനായത്. ‘സത്സംഗ്’ സമാപന ചടങ്ങിന്റെ അവസാനത്തിലാണ് ഇന്നലെ അപകടം നടന്നത്. പ്രാര്‍ത്ഥനാ പരിപാടിക്ക് ശേഷം ആളുകള്‍ മടങ്ങാനൊരുങ്ങിയപ്പോള്‍ ഇദ്ദേഹത്തിന്റെ വാഹനം കടന്ന് പോകാന്‍ വേണ്ടി ആളുകളെ തടഞ്ഞെന്നും തുടര്‍ന്നുണ്ടായ തിരക്കാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് ഇപ്പോള്‍ നല്‍കുന്ന പുതിയ വിവരം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.