ന്യൂഡൽഹി (Newdelhi) : അമ്മയുടെയും സുഹൃത്തിന്റെയും പീഡനം (Harassment by mother and friend) സഹിക്കവയ്യാതെ വീടുവിട്ടിറങ്ങി പത്തുവയസ്സുകാരി. പെൺകുട്ടി തെരുവിൽ അലഞ്ഞുതിരിയുന്നതു ശ്രദ്ധയിൽപെട്ട ചിലർ കുട്ടിയെ ഡൽഹി പൊലീസി (Delhi Police) ലേൽപ്പിച്ചപ്പോഴാണു പത്തുവയസ്സുകാരിയുടെ കഥ പുറംലോകമറിഞ്ഞത്.
നാലുവർഷങ്ങൾക്കു മുൻപ് പെൺകുട്ടിയുടെ അച്ഛൻ മരിച്ചു. തുടർന്ന് അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് പെൺകുട്ടിയും 13 വയസ്സുള്ള സഹോദരനും താമസിച്ചിരുന്നത്. എന്നാൽ ഒരു വർഷം മുൻപ് ഇവരുടെ അമ്മ കുട്ടികളെ ഗാസിയാബാദിലേക്കു കൂട്ടിക്കൊണ്ടുപോയി. ഭർത്താവിന്റെ മരണശേഷം ലൈംഗിക തൊഴിൽ ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്.
ഇവരുടെ പുരുഷ സുഹൃത്ത് പെൺകുട്ടിയെ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. ഇതു പുറത്തുപറയാതിരിക്കുന്നതിനായി അമ്മയും പലതവണ കുട്ടിയെ ഉപദ്രവിച്ചു. വലുതാകുമ്പോൾ ലൈംഗിക തൊഴിൽ ചെയ്യണമെന്നാവശ്യപ്പെട്ട കുട്ടിയെ നിർബന്ധിക്കുകയും ചെയ്തു.
പീഡനം പുറത്തുപറയാതിരിക്കാൻ പ്ലയർ ഉപയോഗിച്ച് ഇവർ കുട്ടിയെ ഉപദ്രവിച്ചിരുന്നു. അമ്മയുടെയും സുഹൃത്തിന്റെയും പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി വീടുപേക്ഷിച്ചു. പെൺകുട്ടിയുടെ സഹോദരനെയും അമ്മയുടെ പുരുഷ സുഹൃത്ത് ഉപദ്രവിച്ചിരുന്നു. സഹോദരനും നേരത്തേ വീടുപേക്ഷിച്ചു പോയി.
പൊലീസ് കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറി. ശിശുക്ഷേമ സമിതി നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നു കണ്ടെത്തി. ഡൽഹി പൊലീസ് സംഭവത്തിൽ ആദ്യം കേസ് രെജിസ്റ്റർ ചെയ്തതെങ്കിലും ലോണി ബോർഡർ പൊലീസ് സ്റ്റേഷനിലേക്കു കേസ് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റിലായി. തന്നെ ഉപദ്രവിച്ച ഡൽഹി സ്വദേശി രാജുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതായി അസിസ്റ്റൻറ് കമ്മിഷണർ ഭാസ്കർ ശർമ അറിയിച്ചു. കുട്ടിയെ കാണാതായെന്നു കാണിച്ച് പരാതിപ്പെടാൻപോലും അമ്മ ശ്രമിച്ചില്ലെന്നും പൊലീസ് പറഞ്ഞു.