കരൌലി (Karauli) : താലി കെട്ടിന് പിന്നാലെ അഗ്നിയെ വലം വയ്ക്കുന്നത് പൂർത്തിയാക്കാതെ മൊബൈൽ ഫോണിൽ സംസാരിച്ച് വരൻ. പിന്നാലെ വിവാഹം റദ്ദാക്കി വധുവിന്റെ വീട്ടുകാർ. (The groom was talking on his mobile phone before completing the ritual of tying the knot with the fire. The bride’s family later called off the wedding.) അഗ്നിക്ക് ചുറ്റും ഏഴ് തവണ വലം വയ്ക്കുന്ന ചടങ്ങിനിടെ തുടർച്ചയായി വരന്റെ ഫോൺ റിംഗ് ചെയ്യുകയായിരുന്നു.
ആറാം തവണ അഗ്നിയെ വലം വയ്ക്കുന്നതിനിടെ ഫോൺ എടുത്ത് യുവാവ് സംസാരിക്കാൻ ആരംഭിച്ചു. ഇതോടെ ചടങ്ങ് തടസപ്പെടുകയായിരുന്നു. രാജസ്ഥാനിലെ കരൌലിയിലാണ് സംഭവം. വനിതാ സുഹൃത്തായിരുന്നു യുവാവിനെ നിരന്തരം വിളിച്ചുകൊണ്ടിരുന്നതെന്നതാണ് വധുവിന്റെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്.
ശനിയാഴ്ചയായിരുന്നു സംഭവം. കരൌലിയിലെ നദോതിയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ പുരോഗമിച്ചിരുന്നത്. ചടങ്ങുകൾ തടസപ്പെട്ടതിന് പിന്നാലെ വരനേയും ബന്ധുക്കളേയും വധുവിന്റെ വീട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും സ്ഥലത്തെ പ്രധാനികൾ ഇടപെട്ട് പൊലീസ് കേസിൽ നിന്ന് ഇരുകൂട്ടരേയും പിന്തിരിപ്പിക്കുകയായിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി വരൻ വ്യക്തമാക്കിയത്.
വിവാഹ ചടങ്ങുകൾക്കായി 56 ലക്ഷം രൂപയോളമാണ് വധുവിന്റെ വീട്ടുകാർ ചെലവിട്ടത്. ഈ തുക വധുവിന്റെ വീട്ടുകാർക്ക് നൽകാനുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മേഖലയിൽ ഇരു കൂട്ടർക്കുമിടയിൽ സംഘർഷമുണ്ടാവാതിരിക്കാനുള്ള കരുതലിലാണ് പൊലീസുള്ളത്.
സമാനമായ മറ്റൊരു സംഭവത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് വരന്റെ സുഹൃത്തുക്കളുടെ മോശം പെരുമാറ്റം മൂലം ഹരിദ്വാറിൽ ഒരു വിവാഹം മുടങ്ങിയിരുന്നു. വധുവിന്റെ അടുത്ത ബന്ധുക്കളായ യുവതികളെ വരന്റെ സുഹൃത്തുക്കൾ കമന്റടിച്ചതിന് പിന്നാലെയുണ്ടായ വാക്കേറ്റം കയ്യേറ്റത്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു ഇത്.