ലഖ്‌നൗ (Lucknow) : മഹാകുംഭ മേള നടക്കുന്ന സെക്ടര്‍ 19 ലെ ആശ്രമത്തില്‍ തീപിടിത്തം. (A fire broke out at the Ashram in Sector 19, where the Mahakumbha Mela was taking place.) 7 ടെന്റുകള്‍ കത്തിനശിച്ചു തീടിത്തത്തില്‍ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും പ്രയാഗ് രാജ് എ.ഡി.ജി ഭാനു ഭാസ്‌കര്‍ മാധ്യമങ്ങളെ അറിയിച്ചു.
തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതോടെ അഞ്ചുമിനിറ്റിനകം അഗ്‌നിരക്ഷാസേനയും അവശ്യസര്‍വീസുകളും സ്ഥലത്തെത്തിയതായും ഭാനു ഭാസ്‌കര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ചൊവ്വാഴ്ച മഹാകുംഭമേളയിലെ രണ്ട് ക്യാമ്പുകളില്‍ തീപിടിത്തമുണ്ടായിരുന്നു. സെക്ടര്‍ 18ലെ ഫയര്‍ സ്റ്റേഷന് കീഴിലുള്ള ബിന്ദു മാധവ് മാര്‍ഗിലെ പൊലീസ് ലൈന്‍ ക്യാമ്പിലും ഹരിശ്ചന്ദ്ര മാര്‍ഗിലെ ബാപ്പ സീതാറാം പന്തലിന് അടുത്തുള്ള ഉജ്ജയിന്‍ ആശ്രമം ബാബയിലുമാണ് തീപിടിത്തമുണ്ടായത്. രണ്ട് ടെന്റുകള്‍ കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണം എന്നാണ് വ്യക്തമായത്. സെക്ടര്‍ 19ലെ കല്‍പവാസി ടെന്റിലും കഴിഞ്ഞാഴ്ച തീപിടിത്തമുണ്ടായിരുന്നു. പാചക വാതകം ചോര്‍ന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് അധികൃതര്‍ പറഞ്ഞത്. ജനുവരി 19നായിരുന്നു അത്. നിരവധി ക്യാമ്പുകള്‍ കത്തിനശിച്ചെങ്കിലും ആളപായമുണ്ടായില്ല. ജനുവരി 25ന് കുംഭമേള നടക്കുന്ന സ്ഥലത്ത് തീപിടിത്തമുണ്ടായി രണ്ട് കാറുകള്‍ കത്തിനശിച്ചിരുന്നു.