ചെറുപ്പക്കാര്‍ റോഡില്‍ കാട്ടുന്ന അഭ്യാസപ്രകടനങ്ങള്‍ പലപ്പോഴും പോലീസിനും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിക്കാറുണ്ട്. ഇത്തരം അഭ്യാസപ്രകടനങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വല്യ ജനശ്രദ്ധ നേടുന്നതും പതിവാണ്. വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ട് പോലീസ് നടപടിയെടുക്കുന്നത് സ്ഥിരം സംഭവം ആയിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു ‘അഭ്യാസ പ്രകടനത്തിന്‍റെ’ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ വൈറല്‍ വീഡിയോ പോലീസ് കാണുകയും നടപടി എടുക്കുകയും ചെയ്തിട്ടുമുണ്ട്.
ബംഗളൂരുവിലാണ് സംഭവം. ഒരു യുവതിയെ മടിയിലിരുത്തി വളരെ അപകടകരമായി ഇരുചക്ര വാഹനം ഓടിക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിട്ടുമില്ല. വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ബംഗളുരു പോലീസിനെ ടാഗ് ചെയ്ത് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു.
പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം ഓടിച്ചത് ശംപുരയിലെ എംവി ലേഔട്ട് ഏരിയയിൽ താമസിക്കുന്ന 21 കാരനായ സിലംബരസെൻ എന്ന ക്യാബ് ഡ്രൈവറാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279, മോട്ടോർ വാഹന നിയമത്തിലെ 184, 189, 129, 177 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ഇരുചക്ര വാഹനം പിടിച്ചെടുത്തു, ക്രിമിനൽ നടപടി നിയമത്തിലെ സെക്ഷൻ 107 പ്രകാരം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.