മുംബൈ: എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍ എക്‌സില്‍ പോസ്റ്റിട്ടു. മുപ്പത്തിയേഴ് കോടിയോളം വരുന്ന എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഇയാള്‍ വമ്പന്‍ വിലയ്ക്ക് ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. എന്നാല്‍ ഉപഭോക്താക്കള്‍ ഭയപ്പെടേണ്ടതില്ലെന്നും ഹാക്കറുടെ അവകാശവാദം കള്ളമാണെന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും എയര്‍ടെല്‍ പറയുന്നു.
ജൂലൈ നാലിനാണ് മുപ്പത്തിയേഴരക്കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന അവകാശവാദവുമായി ഒരാള്‍ രംഗത്ത് വരുന്നത്. കുപ്രസിദ്ധമായ ഒരു സൈബര്‍ ക്രൈം ഫോറത്തില്‍ ക്‌സെന്‍ സെന്‍ എന്ന യൂസര്‍ ഐഡിയില്‍ നിന്നെത്തിയ പോസ്റ്റിനൊപ്പം കുറച്ച് ഡാറ്റ സാന്പിളും നല്‍കിയിരുന്നു. ആധാര്‍ നന്പറും, ജന്മദിനവും, വിലാസവും, ഇ മെയില്‍ ഐഡിയും, ഫോട്ടോ ഐഡിയും അടക്കം വിവരങ്ങളാണ് വില്‍പ്പനയ്ക്ക് വച്ചത്. ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ലഭ്യമാണെന്നാണ് ഹാക്കറുടെ അവകാശവാദം. എന്നാല്‍ വന്‍വിലയ്ക്ക് ഇത് വാങ്ങി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുളളൂ.
എയര്‍ടെല്ലിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ പടച്ചുവിട്ട കളള വാര്‍ത്തയാണിതെന്നാണ് എയര്‍ടെല്ലിന്റെ പത്രക്കുറിപ്പ്
ഇപ്പോള്‍ പ്രചരിക്കുന്നത് എയര്‍ടെല്ലിന്റെ ഡാറ്റാബേസ് ആകാന്‍ സാധ്യത കുറവാണെന്നാണ് ലഭ്യമായ വിവരങ്ങള്‍ വച്ച് സ്വതന്ത്ര നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. പലയിടത്ത് നിന്നായി ശേഖരിച്ച വിവരങ്ങള്‍ ചേര്‍ത്ത് വച്ച് എയര്‍ടെല്ലിന്റെ യൂസര്‍ ഡാറ്റാബേസ് എന്ന പേരില്‍ വില്‍ക്കാനാണ് ഹാക്കറുടെ ശ്രമമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. പക്ഷേ അപ്പോഴും ഈ വിവരങ്ങള്‍ ഹാക്കര്‍ എവിടെ നിന്നെടുത്തു എന്നത് ആശങ്കയുണ്ടാക്കുന്നതാണ്.