ബംഗളൂരു (Bengaluru) : കർണാടകയിലെ മംഗളൂരു (Mangaluru in Karnataka) വിലാണ് സംഭവം. പാക്കറ്റ് ഇളനീർ (Packet Ilanir) കുടിച്ച പതിനഞ്ചുപേർ ആശുപത്രിയിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അഡയാറിലെ ഫാക്‌ടറിയിൽ നിന്നാണ് ഇവർ ഇളനീർ വാങ്ങിയത്. ലിറ്ററിന് പത്തുരൂപയായിരുന്നു നിരക്ക്. ഈ ഫാക്‌ടറിയിൽ ഐസ്ക്രീമും തയ്യാറാക്കുന്നുണ്ട്.
ഇളനീർ കുടിച്ചതിന് പിന്നാലെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രാദേശിക ക്ളിനിക്കുകളിൽ പ്രവേശിപ്പിച്ച ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റുകയായിരുന്നു. പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇളനീരിന്റെ സാമ്പിളുകൾ ശേഖരിക്കുകയും പതിനഞ്ച് ലിറ്റർ വെള്ളം പരിശോധനയ്ക്കായി ബംഗളൂരുവിലെ ലബോറട്ടറിയിലേയ്ക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്.
പ്രതിഷേധങ്ങൾക്ക് പിന്നാലെ അധികൃതർ ഫാക്‌ടറി പൂട്ടുകയും വൃത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തു.അഡയാറ്, കണ്ണൂരു, തുംബെ നിവാസികളാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെയുള്ളവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർ സ്വകാര്യ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിക്കുന്നു.
സംഭവത്തിന് പിന്നാലെ കോളറ ബാധയെന്ന പേരിൽ മംഗളൂരു, ഉടുപ്പി ഭാഗങ്ങളിൽ അഭ്യൂഹങ്ങൾ പരന്നതോടെ പ്രതികരണവുമായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു രംഗത്തെത്തി. പതിനഞ്ച് പേർ ആശുപത്രിയിലാകാൻ കാരണം കോളറയോ മറ്റ് ജലജന്യ രോഗങ്ങളോ അല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആളുകൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും മന്ത്രി പറഞ്ഞു