മിക്ക ആളുകളുടെ ഇഷ്ടഭക്ഷണമാണ് ഇടിയപ്പം. എന്നാൽ തയ്യാറാക്കാനുള്ള കഷ്ടപ്പാടും ചിലപ്പോൾ കട്ടി കൂടിപോകുന്നതും കാരണം പലരും ഇത് ഉണ്ടാക്കാൻ ശ്രമിക്കാറില്ല. നല്ല സോഫ്റ്റായ ഇടിയപ്പം പത്ത് മിനിട്ടിനുള്ളിൽ തയ്യാറാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. അതിന് വേണ്ടി അധികം കഷ്ടപ്പെടേണ്ടിയും വരുന്നില്ല.
അരിപ്പൊടി
ഇടിയപ്പത്തിനായി അരിപ്പൊടിക്കുമ്പോൾ വളരെ നെെസായി പൊടിച്ചെടുക്കാൻ ശ്രദ്ധിക്കുക. അരിപ്പൊടി ചൂടുവെള്ളത്തിൽ വേണം കുഴച്ചെടുക്കാൻ. ഈ സമയത്ത് മാവ് നല്ലതുപോലെ വെന്ത് വരുന്നു. നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു.
നെയ്യ്
ഇടിയപ്പത്തിന് മാവ് കുഴയ്ക്കുമ്പോൾ വെളിച്ചെണ്ണ ചേർക്കുന്നവർ ഉണ്ട്. എന്നാൽ വെളിച്ചെണ്ണയ്ക്ക് പകരം നെയ്യ് ചേർത്ത് ഒരു തവണ കൂടി കുഴച്ച് നോക്കൂ. ഇടിയപ്പം സോഫ്റ്റ് ആവാൻ ഇത് സഹായിക്കും. നല്ല രുചിയും കാണും. മാവ് കുഴക്കുമ്പോൾ തന്നെ ചൂടുവെള്ളവും നെയ്യും കുറച്ച് ഉപ്പും ചേർത്ത് കുഴച്ച് എടുക്കുന്നതും വളരെ നല്ലത്.
തേങ്ങാപ്പാൽ
വെള്ളത്തിന് പകരം അൽപം തേങ്ങാപ്പാൽ കൂടി ഇടിയപ്പത്തിന് പൊടി കുഴയ്ക്കുമ്പോൾ ചേർക്കുക. ഇത് ടേസ്റ്റ് വർദ്ധിപ്പിക്കുന്നു. തേങ്ങാപ്പാലിൽ കുഴച്ചെടുത്ത ഇടിയപ്പം വളരെയധികം സോഫ്റ്റ് ആയിരിക്കും. തേങ്ങാപ്പാൽ ഇടിയപ്പം കട്ടിയാകുന്നത് തടയുന്നു. കൂടാതെ ഇടിയപ്പത്തിനെ ഈർപ്പത്തോടെ നിലനിർത്തും.