വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി വന്‍ ദുരന്തം. നിരവധി പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടു. പുലര്‍ച്ചെ രണ്ടിനായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. പിന്നീട് 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടി. ഇതുവരെ 12 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഒരു വയസുള്ള കുഞ്ഞും ഉള്‍പ്പെടും.
വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്. ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലും നിരവധി വീടുകളിലും വെള്ളം കയറി. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിനായുള്ള ശ്രമം തുടരുകയാണ്. സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നിലവില്‍ ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഒരു ടീം എന്‍ഡിആര്‍എഫ് കൂടി അധികമായി ജില്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പസ്ന്റെ രണ്ട് സംഘം വയനാട്ടിലേക്ക് നീങ്ങുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജീവന്‍ രക്ഷാസംഘങ്ങളും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും റോഡും, പാലവും തകര്‍ന്നും, വെള്ളം കയറിയും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമാക്കുകയാണ്.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡില്‍ മരവും മണ്ണും വന്നടിഞ്ഞതിനാല്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരല്‍ ദുഷ്‌കരമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുള്‍ഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
കോഴിക്കാട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയില്‍ ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു. ഒരാളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.