അകാലനര മൂലം മനഃസമാധാനം പോയോ? എങ്കിൽ വിഷമിക്കേണ്ട. കെമിക്കലുകളടങ്ങിയ ഹെയർ ഡൈ വാങ്ങിച്ച് പണവും ആരോഗ്യവും കളയുകയും വേണ്ട. നരയെ തുരത്താനുള്ള പ്രതിവിധി നമ്മുടെ വീട്ടിൽ തന്നെയുണ്ട്. ചെറുതായൊന്ന് മെനക്കെടാൻ തയ്യാറാണെങ്കിൽ കിടിലൻ ഡൈ വീട്ടിൽ തന്നെയുണ്ടാക്കാം.
ആവശ്യമായ സാധനങ്ങൾ
കറ്റാർവാഴ
ചായപ്പൊടി
പനിക്കൂർക്ക
കർപ്പൂരം
ചീനച്ചട്ടി
കറിവേപ്പില
നെല്ലിക്ക
ഹെന്ന പൗഡർ
നീലയമരി
തയ്യാറാക്കുന്ന വിധം
രാത്രി വെള്ളത്തിൽ ചായപ്പൊടിയും പനിക്കൂർക്കയുടെ മൂന്ന് തളിരിലയും രണ്ട് കഷ്‌ണം കർപ്പൂരവും ഇട്ട് വെള്ളം നന്നായി തിളപ്പിക്കുക. ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം. ഇനി കറ്റാർവാഴയുടെ പൾപ്പും, പനിക്കൂർക്കയുടെ തളിരില, കറിവേപ്പില, ഒരു നെല്ലിക്ക എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി പഴയൊരു ഇരുമ്പ് ചീനച്ചട്ടിയിൽ ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ ഹെന്ന പൗഡറും ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം നേരത്തെ തിളപ്പിച്ച് തണുക്കാനായി മാറ്റിവച്ച വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി രാത്രി മുഴുവൻ ഈ പാക്ക് ചീനച്ചട്ടിയിൽ വയ്ക്കുക.ശേഷം പിറ്റേന്ന് രാവിലെ എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ തേച്ചുകൊടുക്കാം. ഒന്നരമണിക്കൂറിന് ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയാം. ഈ സമയം ഒരു ചെമ്പൻ കളറായിരിക്കും മുടിക്ക്. വൈകിട്ട് നീലയമരിയെടുത്ത് ഇളം ചൂടുവെള്ളവും ചേർത്ത് യോജിപ്പിച്ച് ഒരു പത്ത് മിനിട്ടിന് ശേഷം തലയിൽ തേച്ചുകൊടുക്കാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഹെന്ന പൗഡർ വാങ്ങുമ്പോൾ നല്ലതാണെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല