അടിമാലി (Adimali): ഇടുക്കി (Idukki)യിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി (Kanjiraveli in Adimali Panchayat) യിലാണ് കാട്ടാനയിറങ്ങിയത്.മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (Mundon Indira Ramakrishnan, 65) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം. കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനിടയിൽ വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു.തുടർന്ന് പരിക്കേറ്റ ഇവരെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇടുക്കി മൂന്നാറിൽ ഫെബ്രുവരി 26ന് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാർ (38) ആണ് മരിച്ചത്. മണിയുടെ വീടിന് സമീപത്തുവെച്ചാണ് ആന ആക്രമിച്ചത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും വീണ സുരേഷ് കുമാറിനെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു.