ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനെ നേരിടാനെത്തുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി ആരായിരിക്കും?. നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍… രാജ്യം തിരഞ്ഞെടുപ്പ് വര്‍ത്തമാനങ്ങളിലേക്ക് കടക്കുമ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍നിന്നുയരുന്ന ചൂടേറിയ ചോദ്യമാണിത്.
കേരളത്തില്‍നിന്ന് ഒരു പ്രതിനിധിയെ എങ്കിലും ലോക്‌സഭയിലെത്തിക്കാനുള്ള പ്രയത്‌നത്തിലാണ് ബി.ജെ.പി. എ ക്ലാസ് മണ്ഡലമായാണ് തിരുവനന്തപുരത്തെ ബി.ജെ.പി. കണക്കാക്കുന്നത്. തുടരെത്തുടരേയേറ്റ പരാജയങ്ങളില്‍ എല്‍.ഡി.എഫ്. ക്യാമ്പിലും കനത്ത നിരാശയാണ്.
അതുകൊണ്ടു തന്നെ തിരുവനന്തപുരത്ത് ഇക്കുറി പോരാട്ടം പൊടിപാറും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തുനിന്നുകൂടി മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍, ആ പ്രചരണം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. 2014-ല്‍ ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍നിന്നും ഗുജറാത്തിലെ വഡോദരയില്‍നിന്നും മോദി മത്സരിച്ച് വിജയിച്ചിരുന്നു.