അടുത്ത കെപിസിസി അധ്യക്ഷനാര്? ചരടുവലികള്‍ തുടങ്ങി ഗ്രൂപ്പുകള്‍

Written by Taniniram

Published on:

തിരുവനന്തപുരം; കെപിസിസി അധ്യക്ഷ സ്ഥാനത്തിന് (KPCC President) അവകാശവാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ ധാരണ. ഇനി നടക്കാന്‍ പോകുന്ന പുനസംഘടനയില്‍ പദവി വേണമെന്നതാണ് ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്നതാണ് ആവശ്യം. ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ എ ഗ്രൂപ്പിനെ എല്ലാവരും അവഗണിക്കുന്നുവെന്നാണ് പരാതി. എംഎം ഹസനും ബെന്നി ബെഹന്നാനുമാണ് ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍. തിരഞ്ഞെടുപ്പ് കേസ് അനുകൂലമായതോടെ കെ ബാബുവും നേതൃത്വത്തിലേക്ക് വരാന്‍ സന്നദ്ധനാണ്. ഇതിനൊപ്പം വിഷ്ണുനാഥും എ ഗ്രൂപ്പിനായി മുമ്പോട്ട് വരുന്നുണ്ട്. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും എ ഗ്രൂപ്പിലെ പ്രധാന നേതാവാകാനുള്ള തയ്യാറെടുപ്പിലാണ്.

കെപിസിസിയ്ക്ക് യുവ മുഖം നല്‍കണമെന്ന ചിന്ത കോണ്‍ഗ്രസ് ഹൈക്കമാണ്ടിനുണ്ട്. ഇതിനായി പലരേയും പരിഗണിക്കുന്നുണ്ട്. എ ഗ്രൂപ്പില്‍ നിന്നും പ്രധാന യുവ നേതാവായി ഹൈക്കമാണ്ട് കാണുന്നത് പിസി വിഷ്ണുനാഥിനെയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും വിഷ്ണുവിന് അടുപ്പമുണ്ട്. എന്നാല്‍ അധ്യക്ഷ പദവി വേണമെന്ന നിലപാടിലാണ് എംഎം ഹസന്‍. ബെന്നി ബെഹന്നാനും കെപിസിസിയിലെ താക്കോല്‍ സ്ഥാനം നോട്ടമിട്ടിക്ക് നാളേറെയായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ എ ഗ്രൂപ്പിന്റെ ഭാഗമല്ല. ഉമ്മന്‍ചാണ്ടിയുള്ളപ്പോള്‍ തന്നെ എ ഗ്രൂപ്പില്‍ നിന്നും കെസി വേണുഗോപാല്‍ പക്ഷത്തേക്ക് തിരുവഞ്ചൂര്‍ അടുക്കാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മധ്യ കേരളത്തിലെ ശക്തിദുര്‍ഗ്ഗമായ എ ഗ്രൂപ്പിന്റെ നേതൃത്വം തനിക്കാണ് എന്ന് ബെന്നി പറയുന്നുണ്ട്. ഇതിനിടെയാണ് ചാണ്ടി ഉമ്മനും ഗ്രൂപ്പ് നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കെപിസിസിയുടെ താല്‍കാലിക ചുമതല ഹസന് നല്‍കിയിരുന്നു. വോട്ടെണ്ണല്‍ വരെ ഈ സ്ഥാനത്ത് തുടരാന്‍ ഹസന് താല്‍പ്പര്യവുമുണ്ടായിരുന്നു. എന്നാല്‍ എ ഗ്രൂപ്പിന് തുടക്കമിട്ട എകെ ആന്റണി തന്നെ ഇതിനെ എതിര്‍ത്തു. ഇതോടെ കഴിഞ്ഞ ദിവസം സുധാകരന്‍ കെപിസിസി അധ്യക്ഷനായി വീണ്ടുമെത്തി. താന്‍ തീര്‍ത്തും അപമാനിതനായി എന്നാണ് ഹസന്‍ പറയുന്നത്. യുഡിഎഫ് കണ്‍വീനര്‍ കൂടിയായ ഹസന്‍ എ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവാണ്. ഈ സാഹചര്യത്തില്‍ സുധാകരനെ പടിയിറക്കി ഹസനെ അധ്യക്ഷനാക്കണമെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ബെന്നിയാണ് അണികളുള്ള എ ഗ്രൂപ്പിന്റെ നേതാവെന്നും ഉമ്മന്‍ചാണ്ടിയുടെ അനന്തരാവകാശിയായി ബെന്നി എത്തണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.

എ ഗ്രൂപ്പിലെ ഈ നേതൃതര്‍ക്കത്തിലേക്ക് ചാണ്ടി ഉമ്മന്‍ കൂടി കടന്നുവരുമ്പോള്‍ അത് അടുത്ത തീരുമാനത്തിലും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ചിന്നിചിതറിക്കിടക്കുന്ന ഐ ഗ്രൂപ്പുകാര്‍ കരുതുന്നു. പല നേതാക്കള്‍ക്ക് കീഴിലാണ് ഐ ഗ്രൂപ്പുക്കാര്‍ ചിതറി നില്‍ക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായതു കൊണ്ട് കെസിയ്ക്കൊപ്പം ഭൂരിഭാഗം പേരുമുണ്ട്. കെസി വിചാരിക്കുന്നവര്‍ മാത്രമേ ഇനിയും കെപിസിസി അധ്യക്ഷനാകൂവെന്ന് കരുതുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ നേതാവിനെ മുമ്പോട്ട് വയ്ക്കാനായില്ലെങ്കില്‍ കെപിസിസി അധ്യക്ഷപദം എ ഗ്രൂപ്പിന് കിട്ടില്ലെന്നതാണ് വസ്തുത. രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷനാകാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിനൊപ്പം ഐ ഗ്രൂപ്പിലെ പല യുവ മുഖങ്ങളും സജീവമായ ചരടു വലികളിലാണ്.

See also  കെപിസിസി അംഗം കെവി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിലെ രാഹുല്‍ മാങ്കൂട്ടത്തിലാണ് ജയിച്ചത്. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനുള്ള സംഘടനാ കരുത്തിന് തെളിവായി ഇതിനെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. കെപിസിസിയില്‍ തിരഞ്ഞെടുപ്പ് നടത്തിയാലും അധ്യക്ഷപദം തങ്ങള്‍ക്ക് കിട്ടുമെന്ന വിലയിരുത്തല്‍ എ ഗ്രൂപ്പിന് ഉണ്ട്.

Related News

Related News

Leave a Comment