ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണില്‍ (Amazon)നിന്ന് ഒരു ലക്ഷം രൂപയുടെ ലാപ്ടോപ് വാങ്ങിയ ആള്‍ക്ക് ലഭിച്ചത് ഉപയോഗിച്ച ലാപ്ടോപ് എന്ന് പരാതി.
സമൂഹ മാധ്യമമായ എക്സില്‍ രോഹന്‍ ദാസ് എന്ന ആളാണ് വീഡിയോ സഹിതം ആരോപണം ഉന്നയിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം തന്നെ ഈ വീഡിയോ വൈറല്‍ ആകുകയും ചെയ്തു. രോഹന്‍ ദാസ് ഏപ്രിൽ 30-ന് ആമസോണിൽ നിന്ന് ഒരു ലെനോവോ(Lenovo) ലാപ്‌ടോപ്പ് ഓർഡർ ചെയ്‌തു, മെയ് 7-ന് അത് ലഭിക്കുകയും ചെയ്തു. ലെനോവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വാറൻ്റി കാലയളവ് പരിശോധിച്ചപ്പോഴാണ് രോഹന്‍ ഞെട്ടിയത്. 2023 ഡിസംബറിൽ തന്നെ തനിക്ക് ലഭിച്ച ലാപ്ടോപ്പിന്റെ വാറണ്ടി ആരംഭിച്ചിരിക്കുന്നു. അതായത് ഏകദേശം 5 മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആ ലാപ്ടോപ് ആരോ ഉപയോഗിച്ചിരിക്കുന്നു. ഇതിനു പിന്നാലെയാണ് ആമസോണിൽ ഷോപ്പിംഗ് നടത്തുന്നതിന് മുമ്പ് അതീവജാഗ്രത പാലിക്കണമെന്ന് അറിയിച്ച് രോഹന്‍ പോസ്റ്റ് ചെയ്തത്.
“I Was Scammed By Amazon!” എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിൻ്റെ പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറല്‍ ആയി. ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുക്കാനും വഞ്ചനയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനും നിര്‍ദ്ദേശിച്ച് സമാനമായ അനുഭവങ്ങള്‍ നേരിട്ട നിരവധി ഉപഭോക്താക്കളാണ് ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് വൈറല്‍ ആയതിനു പിന്നാലെ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് ആമസോണ്‍. “താങ്കള്‍ക്ക് നേരിട്ട മോശമായ അനുഭവത്തിന് ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. 6-12 മണിക്കൂറിനുള്ളില്‍ താങ്കളെ ബന്ധപ്പെടും ” രോഹന് മറുപടിയായി ആമസോണ്‍ പോസ്റ്റ് ചെയ്തു . ഈ സംഭവം ഓൺലൈൻ ഷോപ്പർമാർക്കുള്ള ഒരു മുന്നറിയിപ്പാണ്, ഓണലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോൾ , പ്രത്യേകിച്ച് ഉയർന്ന മൂല്യമുള്ള വസ്തുക്കൾ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.