സൈന്യം എത്താൻ വൈകുന്നു; ഷിരൂരിൽ റെഡ് അലർട്ട്…

Written by Web Desk1

Published on:

ഷിരൂർ (Shiroor) : ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. അപകടസ്ഥലത്തുനിന്നു കൂടുതൽ മണ്ണ് മാറ്റിയുള്ള തിരിച്ചിലാണ് നടക്കുന്നത്. ഷിരൂരിൽ ഇന്ന് റെഡ് അലർട്ട് ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച ഭാഗത്തെ മണ്ണാണ് ദൗത്യസംഘം നിലവിൽ മാറ്റുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉച്ചയ്ക്ക് രണ്ടരയോടെ അപകടസ്ഥലത്തേക്ക് എത്തും.

സൈനികസംഘം ഷിരൂരിൽ എത്തുന്നത് വൈകുകയാണ്. 40 അംഗ സംഘമാണ് ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽനിന്ന് എത്തുകയെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിരുന്നത്. എന്നാൽ രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ട സംഘം വൈകുമെന്നാണ് സൂചന. അർജുന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാരിനും കേരള–കർണാടക സർക്കാരുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്. അർജുനെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് നാട്ടുകാർ പ്രകടനം നടത്തി. കോഴിക്കോട് തണ്ണീർപന്തലിലാണ് സേവ് അർജുൻ എന്ന പേരിൽ രൂപീകരിച്ച സമര സമിതി പ്രതിഷേധ പ്രകടന നടത്തിയത്. അർജുനെ എത്രയും വേഗം കണ്ടെത്തണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.

ഷിരൂരിൽ അപകടം നടന്ന സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. കെ.സി വേണുഗോപാൽ എംപി, ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമായാൽ കൂടുതൽ കൃത്യതയോടെ രക്ഷാപ്രവർത്തകർക്ക് ലോറിയുള്ള ഭാഗം കണ്ടെത്താൻ സാധിക്കുമെന്നാണ് നിഗമനം. ഇന്നലെ ഗ്രൗണ്ട് പെനിട്രേറ്റിങ് റ‍ഡാർ ഉപയോഗിച്ച് രണ്ട് തവണയാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ നാല് ഇടങ്ങളിലായി ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ സിഗ്നൽ കിട്ടിയ ഭാഗത്തായിരിക്കും ഇന്ന് പരിശോധന നടത്തുക. നിലവിൽ ഇന്ത്യൻ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, തീരസംരക്ഷണം സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്. മീറ്ററുകളോളം ഉയരത്തിലാണ് നിലവിൽ പ്രദേശത്ത് മണ്ണിടിഞ്ഞിരിക്കുന്നത്. ഇവിടെ ഇനിയും മണ്ണ് ഇടിഞ്ഞു വീണേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇടിഞ്ഞു വീണ മണ്ണിന്റെ പകുതി പോലും ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ലെന്നാണ് കർണാടക സർക്കാർ പറയുന്നത്.

See also  വീടിന്റെ ജപ്തി നടപടിക്കിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

Leave a Comment