നാദാപുരം (Nadhapuram) : തൂണേരി മുടവന്തേരി ( Thuneri Mudavantheri) യിൽ ജീപ്പിൽ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ജീപ്പ് കഷ്ണങ്ങളായി ചിതറി മാറി. കുഞ്ഞിരമുക്കിൽ കുണ്ടിന്റവിട പാറക്ക് സമീപമാണ് അപകടം. പ്രദേശവാസികളായ ഫവാസ്, മുഹമ്മദ് ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. (Local residents Fawas and Muhammad Ashiq were injured.) ഇവരെ വടകര സ്വകാര്യ ആശുപത്രി (Vadakara Private Hospital) യിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് പടക്കം പൊട്ടിച്ചിരുന്നു. കുണ്ടിന്റവിട പാറക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തും പടക്കം പൊട്ടിക്കൽ തുടർന്നതായി നാട്ടുകാർ പറഞ്ഞു.
റോഡിനടുത്ത് തീ കൊടുത്ത പടക്കത്തിലൊന്ന് ദിശമാറി ജീപ്പിനകത്തേക്ക് പതിച്ചാണ് പൊട്ടിത്തെറിക്ക് കാരണം. ജീപ്പിനകത്തുണ്ടായ പടക്കങ്ങൾ മുഴുവൻ വൻ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയും ജീപ്പിന്റെ ഭാഗങ്ങൾ ചിന്നിച്ചിതറുകയുമായിരുന്നു. ഇതിനിടയിലാണ് മൂന്നു പേർക്കും പരിക്കേറ്റത്. അശ്രദ്ധമായി സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിന് 16 പേർക്കെതിരെ പൊലീസ് കേസെടുത്തു.
വട്ടോളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. മുടവന്തേരി സ്വദേശി സജീറാണ് ജീപ്പ് ഉപയോഗിക്കുന്നത്. നാദാപുരം സി.ഐ എ.വി. ദിനേശ്, എസ്.ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.