കണ്ണൂർ: (Kannoor) : കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല. വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചർ. ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചർ പറഞ്ഞു. സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്നേഹബന്ധമാണുള്ളത്. വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചർ പ്രതികരിച്ചു.
ഇതിനിടയിൽ കമ്മ്യൂണിസ്റ്റ് മൈൻ്റുള്ള നേതാവാണോ എന്നുള്ള മാധ്യമപ്രവത്തകൻ്റെ ചോദ്യത്തിലെ അപകടം ടീച്ചർ തിരിച്ചറഞ്ഞു. “രാഷ്ട്രീയമൊന്നും നിങ്ങൾ എന്നോട് ചോദിക്കേണ്ട ഞാൻ സുരേഷ് കുമാർ എന്ന വ്യക്തിയെ കുറിച്ച് മാത്രമാണ് പറഞ്ഞത്. അതേകുറിച്ച് മാത്രം നിങ്ങൾ ചോദിച്ചാൽ മതി. സുരേഷ് പല പ്രാവശ്യം ഇവിടെ വന്നതാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചതാണ്, ഞങ്ങൾ നന്നായി സംസാരിക്കുന്നവരാണ് അതിൽ രാഷ്ട്രീയം കലർത്താൻ പാടില്ല, എൻ്റെയൊരു റിക്വസ്റ്റാണ്.”
സുരേഷിന് പാവങ്ങളെ സഹായിക്കുന്ന മനസ്സുണ്ട്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണ് അയാൾ. എൻ്റെ സഖാവ് ആരാണെന്ന് നിങ്ങൾക്കറിയില്ലേ? ഞാൻ ആരുടെ ഭാര്യയാണ്? അത് നിങ്ങൾക്കറിയാല്ലോ ? പിന്നെ നിങ്ങൾ അതിനപ്പുറം ചോദിക്കരുത്. സുരേഷ് ഇപ്പോൾ ജയിച്ച് മന്ത്രിയായി, അയാളെ കൊണ്ട് കഴിയുന്ന കാര്യം അയാൾ ചെയ്യുമായിരിക്കും. ഞാൻ പാവപ്പെട്ടൊരു ടീച്ചർ ഇവിടെ ഇരിക്കുകയാണ്.
സമാധാനമാണ് എനിക്കിപ്പോൾ വേണ്ടത് ഞാൻ അതേ ആഗ്രഹിക്കുന്നുള്ളു. എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കുന്നത് എനിക്കിഷ്ടമല്ല. അവസാനമായി ‘എൻ്റെ സഖാവിന് ദോഷം വരുന്ന ഒരു കാര്യവും ജീവിതത്തിൽ ചെയ്യില്ല, എന്ന് പറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞ് കവിയാൻ തുടങ്ങി. ചങ്കിടറി അവർ പറഞ്ഞു, എനിക്ക് ഏറ്റവും വലുത് എൻ്റെ സഖാവാണ്. ശാരദ ടീച്ചർ പറഞ്ഞവസാനിപ്പിക്കും മുമ്പേ മാധ്യമങ്ങളുടെ മൈക്കുകൾ പിൻവാങ്ങി.
അതേസമയം, കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കണ്ണൂരിലെത്തി. രാവിലെ മാടായി കാവ് ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ദർശനം കഴിഞ്ഞ് ഇറങ്ങി. രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിലും സുരേഷ് ഗോപി ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുമെന്നാണ് വിവരം. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തുന്ന സുരേഷ് ഗോപി പിന്നീട് തൃശൂരിലേക്ക് മടങ്ങും.