കഴക്കൂട്ടത്തു നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതം. കുട്ടി കന്യാകുമാരിയിലേക്ക് പോയെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി ഇപ്പോള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ കുട്ടിയുടെ ചിത്രം പകര്‍ത്തുകയായിരുന്നു. ഇവര്‍ പകര്‍ത്തിയ ചിത്രം പോലീസിന് നിര്‍ണ്ണായക തെളിവായി. കളിയിക്കാവിള വരെ തീവണ്ടിയില്‍ കുട്ടിയുണ്ടായിരുന്നു. തമിഴ്നാട് പോലീസുമായി സഹകരിച്ച് അന്വേഷണം മുമ്പോട്ട് കൊണ്ടു പോവുകയാണ്. കളിയിക്കാവിളയ്ക്ക് അപ്പുറം വ്യാപക തിരച്ചില്‍ കുട്ടിക്കായി നടക്കുന്നുണ്ട്.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തീവണ്ടിക്കുള്ളില്‍ നിന്നും പകര്‍ത്തിയ ചിത്രം പോലീസ് കുട്ടിയുടെ പിതാവിനെ കാണിച്ചു. ചിത്രത്തിലുള്ളത് തസ്മീക് തന്നെയാണെന്ന് പിതാവ് അന്‍വര്‍ ഹുസൈന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതോടെ പോലീസ് കന്യാകുമാരിയിലേക്ക് തിരിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരില്‍ നിന്നാണ് കുട്ടി ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ ഇരുന്നു കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെണ്‍കുട്ടിയെ കണ്ട് സഹയാത്രക്കാരി ബബിതയാണ് ഫോട്ടോയെടുത്തത്. നെയ്യറ്റിന്‍കരയില്‍ വച്ചാണ് കുട്ടിയുടെ ഫോട്ടോ എടുത്തത്. ഇവര്‍ നെയ്യാറ്റിന്‍കരയിലാണ് ഇറങ്ങിയത്. നാല്‍പതു രൂപ പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്നതായി ബബിത പൊലീസിനെ അറിയിച്ചു.