കോട്ടയം : തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം. തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. സ്മാരകത്തില്‍ ഇരുനേതാക്കന്മാരും പുഷ്പാര്‍ച്ചന നടത്തി. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി.
തമിഴ്‌നാട്ടില്‍ നിന്നും ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ വീരമണി തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുഗന്‍, ഇ വി വേലു, എംപി സ്വാമിനാഥന്‍, വിസികെ അധ്യക്ഷന്‍ തീരുമാവളവന്‍ എം പി, കേരള മന്ത്രിമാരായ സജി ചെറിയാന്‍, വി എന്‍ വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ് എം പി, സി കെ ആശ എം എല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വൈക്കം വലിയ കവലയില്‍ 84 സെന്റിലാണ് തന്തൈ പെരിയാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി 2023 ഏപ്രില്‍ 1 ന് ഇരു മുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്‌കര്‍ത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയിലാണ് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.