തിരുവനന്തപുരം (Thiruvananthapuram) : വിദേശത്ത് വച്ച് കൂട്ട ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ നിവിൻ പോളിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്.
ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് നിവിൻ പോളിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സംഗം എന്നീ ഗുരുതര വകുപ്പുകളാണ് ഇവ . കേസിൽ ആറ് പ്രതികളാണുള്ളത് .
നിവിൻ പോളി ആറാം പ്രതിയാണ്. ശ്രേയ ഒന്നാം പ്രതി, രണ്ടാം പ്രതി നിർമാതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ, എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
എന്നാല്‍, 4 മാസം മുമ്പ് യുവതി ഊന്നുകൽ പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. വിദേശത്ത് വെച്ച് തന്നെ ഒരു കൂട്ടം ആളുകൾ കൂട്ടമായി മർദ്ദിച്ചെന്നായിരുന്നു അന്നത്തെ പരാതി. പൊലീസ് പ്രാഥമിക വിവരശഖരണം നടത്തിയെങ്കിലും പിന്നീട് ഈ അന്വേഷണവുമായി മുന്നോട്ട് പോയില്ല.