ദുരന്തത്തില്‍ അമ്മയെ നഷ്ടപ്പെട്ട് വിശന്ന് കരയുന്ന പിഞ്ചോമനകള്‍ക്ക് ആശ്വാസമേകാന്‍ ദമ്പതികള്‍ വയനാട്ടിലേക്ക്. കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’- എന്ന കമന്റ് സോഷ്യല്‍ മീഡിയില്‍ വൈറലായതിനെത്തുടര്‍ന്ന് ദമ്പതികളെ തേടി വിളിയെത്തി. ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിന്‍ പാറേക്കര വയനാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട് മാതാപിതാക്കള്‍ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാനുള്ള ദമ്പതികളുടെ തീരുമാനം നിരവധിപേരുടെ കണ്ണുകള്‍ നിറയിച്ചു.
യൂത്ത് കോണ്‍ഗസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റായിരുന്നു സജിന്‍-ഭാവന ദമ്പതികള്‍ക്ക് നാലു വയസ്സും, നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുണ്ട്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒരുപാട് കുടുംബങ്ങള്‍ മണ്ണിനടിയിലായി. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരുപാട് കുട്ടികളുണ്ടാവും. അങ്ങനെയുള്ളവരെ സഹായിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ഭര്‍ത്താവ് സജിനും പറയുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ വയനാട്ടില്‍ നിന്നും വിളി വന്നു. കഴിയുന്നതും നേരത്തെ തന്നെ പുറപ്പെടാന്‍ പറഞ്ഞതോടെ രാത്രി തന്നെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു ദമ്പതികള്‍. ഉപജീവനമായ പിക്കപ്പ് ജീപ്പിലാണ് ഇവരുടെ യാത്ര. കഴിയുന്നതും വയനാട്ടില്‍ എത്രത്തോളം നില്‍ക്കാന്‍ കഴിയുമോ അത്രയും താമസിച്ച് സഹായിക്കാനാണ് ദമ്പതികളുടെ തീരുമാനം.