കോഴിക്കോട്: മോചനം കാത്തു സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ സന്ദര്‍ശിക്കാന്‍ കുടുംബം റിയാദ് ജയില്‍ എത്തി. ഇദ്ദേഹത്തെ നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും റഹീം വിസമ്മതിച്ചതിനെ തുടര്‍ന്നു ഉമ്മ ഫാത്തിമ വിഡിയോ കോളില്‍ സംസാരിച്ച ശേഷം ജയിലില്‍ നിന്നും മടങ്ങി. ഫറോക്ക് കോടമ്പുഴ സീനത്ത് മന്‍സിലില്‍ മച്ചിലകത്ത് റഹീം കഴിഞ്ഞ 18 വര്‍ഷമായി ജയിലിലാണ്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിച്ച ഇദ്ദേഹത്തിന്റെ മോചനത്തിന് കേരളം ഒന്നാകെ ഒറ്റക്കെട്ടായി നിന്നാണ് പണം പിരിച്ചത്.
റഹീമിന്റെ ജയില്‍ മോചന നടപടികള്‍ നീളുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരില്‍ കാണാന്‍ സൗദിയിലേക്ക് പോയത്. റിയാദ് ജയിലില്‍ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീര്‍ഥാടനം നിര്‍വഹിച്ചു മടങ്ങാനായിരുന്നു തീരുമാനം. കഴിഞ്ഞ മാസം 21ന് ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നു കോടതി അറിയിച്ചിരുന്നു.