കണ്ണൂര്‍: എഡിഎം കെ.നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കേസില്‍ റിമാന്‍ഡിലുള്ള പി.പി.ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി നവംബര്‍ 8ന് വിധിപറയും. ഇരുകക്ഷികളുടെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധിപറയാനായി മാറിയത്. വാദത്തില്‍ ഉടനീളം എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാനാണ് ദിവ്യ ശ്രമം നടത്തിയത്. ഇതിന് സാഹചര്യതെളിവെന്ന രീതിയില്‍ സിസിടിവി വീഡിയോകളും കോടതിയില്‍ സമര്‍പ്പിച്ചു.
ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിരുന്നു. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് നവീന്റെ കുടുംബം വാദിച്ചു. കൂടാതെ കലക്ടറുടെ മൊഴിയില്‍ ഗൂഢാലോചന ഉണ്ടന്നും കലക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും നവീന്റെ കുടുബം വാദിച്ചു. നിലവില്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിയുകയാണ് ദിവ്യ. ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ കീഴടങ്ങിയത്.
അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പൊലീസില്‍ കീഴടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പമ്പ് സ്ഥാപിക്കാന്‍ സംരംഭകനായ പ്രശാന്ത് എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡിഎംഇയുടെ റിപ്പോര്‍ട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. പമ്പിന് അനുമതിപത്രം ലഭിക്കുന്നതിന് എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്തും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയാണ് മുഖവിലയ്ക്കെടുക്കേണ്ടത്. എഡിഎമ്മും പ്രശാന്തും തമ്മില്‍ കണ്ടതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും അഭിഭാഷകന്‍ കെ.വിശ്വന്‍ വാദിച്ചു.
മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദം തുടങ്ങിയത്. ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ചോദിച്ചപ്പോള്‍ അതിനെ തങ്ങള്‍ എതിര്‍ത്തില്ല. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആ വേദിയില്‍ അങ്ങിനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നൂവെന്നും വിദ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.