തൃശൂർ (Thrisur) : കൊല്ലപ്പെട്ട ടി ടി ഇ വിനോദി (TTE Vinod) ന്റെ പോസ്റ്റ്‌മോർട്ടം (Postmortem) രാവിലെ. നിലവിൽ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറി (Thrissur Medical College Mortuary) യിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലെ വീട്ടിലെത്തിക്കും. കഴിഞ്ഞ ജനുവരി 28 നാണ് വിനോദും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്.’
പ്രതിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. എറണാകുളം – പാറ്റ്‌ന എക്‌സ്പ്രസിൽ എസ് 11 സ്‌ളീപ്പർ കോച്ചിൽ ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം.
തൃശൂരിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്.വാതിലിനടുത്ത് നിന്ന് യാത്ര ചെയ്ത രജനീകാന്തിന്റെ കൈയിൽ ടിക്കറ്റില്ലായിരുന്നു. ഇത് വിനോദ് ചോദ്യം ചെയ്തു. തുടർന്ന് പ്രതി ഓടുന്ന ട്രെയിനിൽ നിന്ന് വിനോദിനെ തള്ളിയിടുകയായിരുന്നു. എതിർദിശയിൽ വരികയായിരുന്ന ട്രെയിൻ കയറിയിറങ്ങിയാണ് മരണമടഞ്ഞത്.തൃശൂരിനും വടക്കാഞ്ചേരിക്കും ഇടയിൽ വെളപ്പായ ഓവർബ്രിഡ്ജിന് സമീപത്തുവച്ചായിരുന്നു കൊലപാതകം നടന്നത്.
ഭിന്നശേഷിക്കാരനായ രജനീകാന്ത് ഒഡീഷ സ്വദേശിയാണ്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതി മുൻപ് ഏതെങ്കിലും കേസിൽ പ്രതിയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.വിനോദ് ഒരു നടൻ കൂടിയായിരുന്നു. എഴുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനിലും ഗ്യാങ്സ്റ്ററിലും ചെറിയ വേഷം ചെയ്തു.
എറണാകുളം സ്‌ക്വാഡിലായിരുന്നു മുൻപ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ടി ടി ഇ കേഡറിലേക്ക് മാറ്റിയത്. യാത്രക്കാരോട് അനുഭാവപൂർവം പെരുമാറുന്ന വിനോദിനെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്.