തിരുവനന്തപുരം: രാത്രികാലങ്ങളില്‍ പാറാവ് ഡ്യൂട്ടിയിലും ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലും നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എസ്.എച്ച്.ഒമാരുടെ മുറിയില്‍ എ.സി ഉപയോഗിച്ച് കിടന്നുറങ്ങിയാല്‍ ഇനി പണി ഉറപ്പ്.എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശം വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. വൈദ്യുതി നിരക്ക് കുതിച്ചുയരുമ്പോള്‍ എസിയിലെ ഉറക്കം പലര്‍ക്കും പ്രശ്‌നമായി മാറും. കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനിലേയും എസ് എച്ച് ഒ മാര്‍ക്ക് എസി മുറി നഷ്ടമാകാനും സാധ്യതയുണ്ട്. പോലീസ് സ്‌റ്റേഷനില്‍ രാത്രി പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസിപിയ്ക്ക് എസി മുറിയിലെ ഉറക്കം കണ്ടെത്തനായത്.
എറണാകുളം നോര്‍ത്ത്, കടവന്ത്ര സ്റ്റേഷനുകളിലായിരുന്നു എസ്.എച്ച്.ഒമാരുടെ മുറിയില്‍ പാറാവുകാര്‍ ഉറങ്ങിയത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു ഉറക്കം. രാത്രികാല പരിശോധനയ്ക്കിടെ സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു എസിപി. ഇത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ സര്‍ക്കുലറും എത്തി. രാത്രികാലങ്ങളില്‍ പാറാവ് ഡ്യൂട്ടിയിലും ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലും നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എസ്.എച്ച്.ഒമാരുടെ മുറിയില്‍ എ.സി ഉപയോഗിച്ച് കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എസ്.എച്ച്.ഒമാര്‍ ശ്രദ്ധിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.
എസി മുറിയിലെ പാറാവുകാരുടെ ഉറക്കം നിയമ വിരുദ്ധമെന്ന് സാരം. മൂന്ന് പേരാണ് പാറാവ് ഡ്യൂട്ടിയിലുണ്ടാകുക. ഒരാള്‍ക്ക് നിന്നും മറ്റൊരാള്‍ക്ക് ഇരുന്നുമാണ് ഡ്യൂട്ടി. മൂന്നാമന് വിശ്രമമവും. ഡ്യൂട്ടി മാറിമാറിവരും. എസ്.പിക്കും അതിന് മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പൊലീസ് ചട്ടപ്രകാരം ഓഫീസ് മുറിയില്‍ എ.സിവയ്ക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ പ്രിന്‍സിപ്പല്‍ എസ്.ഐവരെ ഇപ്പോള്‍ ഓഫീസില്‍ എ.സിവയ്ക്കുന്നുണ്ട്. എറണാകുളം സെന്‍ട്രല്‍ എസിപിയുടെ സര്‍ക്കുലറിലെ ചട്ടലംഘനം പോലീസ് ആസ്ഥാനത്തെ ഉന്നതരുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവിടെ നിന്ന് ഇനി എന്തെങ്കിലും നടപടിയുണ്ടാകുമോ എന്നതും കൗതുകമായി മാറുന്നു.