തിരുവനന്തപുരം : നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പല കാര്യങ്ങളിലും ഇതര നിയമസഭകള്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിനു തന്നെയും മാതൃക കാട്ടിയിട്ടുള്ള കേരള നിയമസഭ, സാഹിത്യോത്സവത്തിന്റെ കാര്യത്തിലും രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുമൂന്നു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പില്‍ അടയാളപ്പെടുത്തപ്പെടും വിധം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ശ്രദ്ദേയമായി. കേരള നിയമസഭയ്ക്ക് സാഹിത്യപ്രതിഭകള്‍ ഒരിക്കലും അന്യരായിരുന്നിട്ടില്ല. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും തോപ്പില്‍ ഭാസിയും മുതല്‍ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെയായി എത്രയോ പ്രഗത്ഭര്‍ സഭയില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്. സാഹിത്യ പ്രതിഭകള്‍ ദേശീയതലത്തിലെ പരമോന്നത പുരസ്‌കാരങ്ങള്‍ നാടിനും ഭാഷയ്ക്കും സംസ്‌കാരത്തിനുമായി നേടിത്തരുമ്പോള്‍, അവരെ ഏകകണ്ഠമായി പ്രശംസിച്ച ചരിത്രവും ഈ സഭയ്ക്കുണ്ട്. സഭയില്‍ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോന്‍, പി ഗോവിന്ദപ്പിള്ള തുടങ്ങി എത്രയോ പ്രമുഖര്‍ സാഹിത്യരംഗത്തുകൂടി സംഭാവനകള്‍ ചെയ്തവരാണ് എന്നതിന്റെ സ്മരണയുയര്‍ത്തുന്ന പശ്ചാത്തലവും നമുക്കുണ്ട്. അതുകൊണ്ടൊക്കെത്തന്നെ, നിയമസഭ പുസ്തകോത്സവം നടത്താന്‍ തീരുമാനിച്ചതില്‍ പ്രത്യേകമായ ഒരു ഔചിത്യ ഭംഗിയുണ്ട്. അത് ഗംഭീരമായ വിജയമാകുന്നു എന്നത് നമ്മുടെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു