തിരുവനന്തപുരം: അതിദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് മന്ത്രിമാര്‍ വയനാട്ടിൽ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. സൈന്യത്തിന്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സേനാവിഭാഗങ്ങൾ സഹായിക്കുന്നുണ്ട്. പരമാവധി ജീവൻ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ശ്രമിക്കും. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ 60 അംഗ ടീം വയനാട്ടിൽ എത്തി.
ഹെലികോപ്റ്റർ വഴിയുള്ള രക്ഷാദൗത്യത്തിനു വീണ്ടും ശ്രമിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികൾ വേഗത്തിലാക്കും. കോഴിക്കോട് നിന്ന് ഫൊറൻസിക് സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ടെന്നും 20000 ലിറ്റർ വെള്ളവുമായി ജല വിഭവ വകുപ്പ് വാഹനം ദുരന്തമുഖത്തേക്ക് പുറപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.