തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിക്കുന്ന ഡോക്യൂമെന്ററി ഒരുക്കി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. ‘പിണറായി ദ ലെജന്‍ഡ്’ എന്ന് പേര് നല്‍കിയിരിക്കുന്ന ഡോക്യൂമെന്ററി പിണറായി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്.
ആദ്യമായിട്ടാണ് ഒരു സര്‍വീസ് സംഘടന ഇത്തരത്തില്‍ ഡോക്യൂമെന്ററി ഒരുക്കുന്നത്. ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ടും സെക്രട്ടറിയേറ്റിനു മുന്നില്‍ പിണറായി വിജയന്റെ വലിയ കട്ടൗട്ടുകള്‍ സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു. ഡോക്യൂമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു ഗാനമുള്‍പ്പെടെ 30മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യൂമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേര്‍ത്താണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അല്‍ത്താഫ് റഹ്‌മാന്‍ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രചന: പ്രസാദ് കണ്ണന്‍. സംഗീതസംവിധാനം: രാജ്കുമാര്‍ രാധാകൃഷ്ണന്‍, ക്യാമറ: പ്രവീണ്‍ ചക്രപാണി, പ്രോജക്റ്റ് ഡിസൈനര്‍: ബാലു ശ്രീധര്‍, എഡിറ്റിങ്: സുനില്‍ എസ് പിള്ള.