കൊച്ചി : പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ വിജയത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വാഴൂര്‍ സോമന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശക പത്രികയില്‍ രേഖകള്‍ മറച്ചുവച്ചു എന്നതായിരുന്നു ആരോപണം. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജിയിലെ വാദങ്ങള്‍ തളളിക്കൊണ്ട് ജസ്റ്റിസ് മേരി തോമസിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. വിധി പ്രസ്താവിച്ച മേരി തോമസ് ഇന്ന് വിരമിക്കുകയാണ്.
വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഇത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കോടതിയില്‍ വാദിച്ചത്. നാമനിര്‍ദേശ പത്രികയിലെ പല കോളങ്ങളും പൂരിപ്പിച്ചിരുന്നില്ല എന്നും അപൂര്‍ണമായ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും സിറിയക് തോമസ് ആരോപിച്ചിരുന്നു.