തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ നവവധു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാലിനെ തരിച്ചെത്തിക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തന്‍ കേരളാ പോലീസ്. വിദേശത്തേക്ക് കടന്ന രാഹുല്‍ ജര്‍മനിയില്‍ എത്തുമെന്നാണ് പോലീസ് നിഗമനം. രാഹുലിന് ജര്‍മന്‍ പൗരത്വമുണ്ട്. ജര്‍മനിയില്‍ എത്തിയാല്‍ പിന്നെ ഇയാളെ നാട്ടിലെത്തിക്കാന്‍ നൂലാമാലകള്‍ കൂടും. ഇന്റര്‍പോളിനേയും കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കും. പോലീസ് ആസ്ഥാനത്തും കേസുമായി ബന്ധപ്പെട്ട പരിശോധനയും നിരീക്ഷണവും നടക്കുന്നുണ്ട്. പോലീസിനെ കബളിപ്പിച്ചാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്. കേസില്‍ ഇയാളെ നിരീക്ഷിക്കുന്നതില്‍ ലോക്കല്‍ പോലീസിന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്.
രാഹുല്‍ നിലവില്‍ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. സിംഗപൂരില്‍ നിന്നും രാഹുല്‍ ജര്‍മനിയിലേക്ക് കടക്കും. ആ രാജ്യത്തെ പൗരനെ മറ്റൊരു രാജ്യത്ത് കേസിനായി വിട്ടു കൊടുക്കുന്നതില്‍ ഏറെ നിയമനടപടികള്‍ വേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് രാഹുല്‍ ഇന്ത്യ വിട്ടതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് നയതന്ത്ര ഇടപെടല്‍ അനിവാര്യമാകുന്നത്. ജര്‍മനിയെ കേസിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഇന്ത്യ ശ്രമിക്കും. രാഹുല്‍ രണ്ടു വിവാഹം ചെയ്താണ് ഇന്ത്യ വിട്ടതെന്നും ജര്‍മനിയെ അറിയിക്കും.
സിംഗപൂരില്‍ നിന്നും രാഹുല്‍ എങ്ങോട്ടാണ് കടക്കുന്നതെന്ന് കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. കേസില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസിപി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നടപടികളിലേക്ക് കടന്നത്. രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്. രാഹുല്‍ രാജ്യം വിട്ട സാഹചര്യത്തില്‍ കടുത്ത നടപടി വേണമെന്നാണ് സര്‍ക്കാരിന്റേയും നിലപാട്.
പൊലീസിന്റെ വീഴ്ചയാണ് രാഹുല്‍ പി ഗോപാല്‍ സിംഗപ്പൂരിലേക്ക് രക്ഷപെടാന്‍ കാരണമായതെന്ന ആക്ഷേപം യുവതിയും കുടുംബവും ഉന്നയിച്ചിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു.
യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകി. പോലീസ് സ്‌റ്റേഷനിലെത്തിയ രാഹുല്‍ കളി കൈവിട്ടു പോകുമെന്ന് മനസ്സിലാക്കി രാജ്യം വിടുകയായിരുന്നു.