തൃശുര്‍: ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ.. നിറഞ്ഞ പുഞ്ചിരിയില്‍ പൊതിഞ്ഞ ആ വാക്കുകള്‍ ഇനിയില്ല. യേശുദാസ് ശബ്ദഗാംഭീര്യം കൊണ്ട് മുന്നേറിയപ്പോള്‍ ജയചന്ദ്രന്‍ ആലാപനത്തിലെ ഭാവാത്മകത കൊണ്ട് മലയാളിയുടെ ഭാവ ഗായകനായി. കഥാസന്ദര്‍ഭവും കഥാപാത്രങ്ങളുടെ വൈകാരികതയെയും തിരിച്ചറിഞ്ഞ് ഭാവമധുരമായി അദ്ദേഹം പാടി. അത് മനസ്സുകളെ സ്വാധീനിച്ചു. ആ ഗായകന് അന്ത്യയാത്രമൊഴി നല്‍കാനൊരുങ്ങുകയാണ് കേരളം.
പത്ത് മുതല്‍ പന്ത്രണ്ട് മണി വരെ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം തിരികെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
ഇന്നലെ രാത്രി 7.54 നായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ഒരാഴ്ചയിലേറെയായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും ഇന്നലെ രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണസമയത്ത് ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു. പൂങ്കുന്നം സീതാറാം മില്‍ ലൈനില്‍ ഗുല്‍ മോഹര്‍ ഫ്‌ലാറ്റിലായിരുന്നു താമസം.എറണാകുളം രവിപുരത്ത് 1944 മാര്‍ച്ച് മൂന്നിന് രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി ജനനം. 1958ല്‍ തിരുവനന്തപുരത്ത് നടന്ന രണ്ടാമത്ത സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തില്‍ ഒന്നാം സ്ഥാനവും ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറി. ചലച്ചിത്രഗാനാലാപനത്തില്‍ ശ്രദ്ധേയനായതോടെ ജോലി ഉപേക്ഷിച്ചു. ഭാര്യ: ലളിത. മകള്‍ ലക്ഷ്മി. മകന്‍ ഗായകനായ ദിനനാഥ്. നഖക്ഷതങ്ങള്‍ ഉള്‍പ്പെടെ സിനിമകളിലും ജയചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.