തിരുവനന്തപുരം: ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ നിക്ഷേപത്തിലൂടെ വമ്പന്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് കേരളത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിന്റെ 93 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് ശൃംഖല തട്ടിയെടുത്തു. പൈസ നഷ്ടപ്പെട്ടതോടെ അദ്ദേഹം സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സൈബര്‍ കേസുകളിലടക്കം ഹാജരാകുന്ന അജിത് കുമാറിനെയാണ് സംഘം കബളിപ്പിച്ചത. പരാതി ലഭിച്ച സൈബര്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
കസ്റ്റംസ്, എന്‍ഐഎ എന്നീ കേന്ദ്ര ഏജന്‍സികളടക്കം ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനാണ് ശാസ്തമംഗലം അജിത് കുമാര്‍. കഴിഞ്ഞ ജൂണ്‍ 27ന് ശാസ്തമംഗലം അജിത് കുമാറിന്റെ വാട്‌സ് അപ്പ് നമ്പറില്‍ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. ഒരു വിദേശ നമ്പറില്‍ നിന്നായിരുന്നു വിളി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വന്‍ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു. ഷെയര്‍ഖാന്‍ ക്ലബ് 88 എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. പിന്നീട് ബ്ലോക്ക് ടൈഗൈഴ്‌സ് എന്ന മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
പിന്നീട് ബന്ധപ്പെടുന്നത് മറ്റൊരാള്‍. രണ്ട് തവണയായി 5 ലക്ഷം രൂപ ഇടാന്‍ ആവശ്യപ്പെട്ടു. ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നതായി വ്യാജമായി കാണിച്ചു. ഇതോടെയാണ് ശാസ്തമംഗലം അജിത് കുമാര്‍ കൂടുതല്‍ പണം നല്‍കുന്നത്. ഈ മാസം 27 വരെ പല ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ട്രാന്‍സ്ഫര്‍ ചെയ്തത് 93 ലക്ഷം രൂപ. പിന്നീട് പ്രതികളെ ബന്ധപ്പെടാന്‍ കഴിയാതായി. ലാഭം കാണിച്ചതെല്ലാം തട്ടിപ്പെന്ന് ബോധ്യപ്പെട്ടു.