പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്നതിനെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി. പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കുമ്പോൾ തൊട്ടടുത്ത് കന്യാകുമാരിയിൽ ഒരാൾ ധ്യാനവുമായി ഇരിപ്പുണ്ടെന്നും, അതേസമയം തന്നെ എക്‌സിലും പോസ്റ്റ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ധ്യാനത്തിൽ ഇരുന്നുകൊണ്ടുതന്നെ പ്രധാനമന്ത്രി പ്രതികരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ വളർച്ച കൊണ്ടാകാം. തൻറെ ജന്മം ബയോളജിക്കൽ അല്ല എന്ന് പറയുന്ന പ്രധാനമന്ത്രി. ഇങ്ങനെയാണ് ശാസ്ത്രം എത്തിനിൽക്കുന്നത്. രാജ്യം മുന്നോട്ടാണോ പിന്നോട്ടാണോ പോകുന്നത് എന്ന് ചിന്തിക്കേണ്ട അവസ്ഥയാണുള്ളത്’, ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
കർണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിന്റെ പ്രസ്താവനയിലും ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചു. ‘ഒരു സംസ്ഥാനം ഭരിക്കുന്ന വ്യക്തിയാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നത്. കേരളത്തിൽ മൃഗബലി നടന്നു എന്നാണ് ആരോപണം, ഇങ്ങനെ നടന്നിട്ടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞിട്ടുള്ളത്. അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അത് ആരാണ് നടത്തിയത് എന്നും നോക്കണം. ഡി കെ ശിവകുമാറിന്റെ ഭരണം മാറണമെന്ന് കേരളത്തിലുള്ളവർ ആഗ്രഹിക്കുന്നുണ്ടാവില്ല. അങ്ങനെ ആഗ്രഹിക്കുന്നവർ ആരാണ് എന്ന് നോക്കണം’, ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.