തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ ആശ്വാസമാണ് കോടതി വിധി.
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായി കഴിഞ്ഞ ഫെബ്രുവരി 29 നാണ് കുഴല്‍നാടന്‍ കോടതില്‍ ഹര്‍ജി നല്‍കിയത്. കേസെടുക്കാന്‍ വിജിലന്‍സ് തയാറാകുന്നില്ലെന്നും, കോടതി ഇടപെട്ടു കേസ് എടുപ്പിക്കണം എന്നതായിരുന്നു കുഴല്‍നാടന്റെ ഹര്‍ജിയിലെ ആവശ്യം. വീണയും,പിണറായിയും, കര്‍ത്തയും ഉള്‍പ്പെടെ ഏഴ് പേരെ എതിര്‍ കക്ഷികളാക്കിയാണ് പരാതി നല്‍കിയത്.
മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും കോടതി വിധി് ഉറ്റുനോക്കാന്‍ പ്രധാനപെട്ട ചില കാരണങ്ങളുണ്ട്. വിജിലന്‍സ് വകുപ്പും, ആഭ്യന്തരവും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് . അതുകൊണ്ടു തന്നെ വിജിലന്‍സ് കോടതി കുഴല്‍നാടന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ധാര്‍മികതയുടെ പേരില്‍ വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായത് കൊണ്ട് ഒരുപക്ഷെ പിണറായി രാജി വയ്ക്കേണ്ടതായി വരും.
മുന്‍ മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് നേരെ പാമോലിന്‍ ഇറക്കുമതി കേസില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് വന്നയുടന്‍ തന്നെ ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. പിന്നീട്, അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന തിരുവഞ്ചൂരിന് വിജിലന്‍സിന്റെ അധിക ചുമതല നല്കുകയായിരുന്നു. ഈ അനുഭവം മുന്നില്‍ വച്ചാണ് കേരളം ഇന്നത്തെ കോടതി നടപടികളെ ഉറ്റുനോക്കിയത്. ഒരുപക്ഷേ, കുഴല്‍നാടന്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നിരുന്നുവെങ്കില്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് വാക്കാലൊരു പരാമര്‍ശം ഉണ്ടായാല്‍ പോലും അത് പിണറായിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയാകുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്ഡ് പാളയത്തെ പോലും കനത്ത നിരാശയിലാഴ്ത്തിക്കൊണ്ട് പരസ്പര വിരുദ്ധമായ ആവശ്യങ്ങള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നിരത്തിയത് കുഴല്‍നാടന്‍ ഫാന്‍സുകാരെ പോലും ആശ്ചര്യപ്പെടുത്തി.
താന്‍ വിജിലന്‍സിന് കൊടുത്ത പരാതി പരിഗണിക്കുന്നില്ലായെന്നും അത് കൊണ്ട് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴല്‍നാടന്‍ ആദ്യ0 ആവശ്യപെട്ടത്. എന്നാല്‍ കോടതിയില്‍ കേസ് പരിഗണനയ്ക്ക് വന്നതോടെ കുഴല്‍നാടന്‍ മലക്കം മറിഞ്ഞു. പഴയ ആവശ്യത്തിന് പകരം കോടതി നേരിട്ട് തന്നെ കേസെടുത്ത് അന്വേഷിക്കണമെന്ന പുതിയ വാദം ഉന്നയിച്ചു.
അമ്പരപ്പുളവാക്കിയ കുഴല്‍നാടന്റെ ആവശ്യത്തില്‍ കോടതി പരാമര്‍ശവും നടത്തി. ഏതെങ്കിലും ഒരാവശ്യത്തില്‍ ഉറച്ചു നില്ക്കാന്‍ വിജിലന്‍സ് കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെട്ടു. കുഴല്‍നാടന്റെ പുതിയ നിലപാട് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഹര്‍ജിക്കാരന്റെ നിലപാട് മാറ്റം ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണന്നതിന്റെ തെളിവാണെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ചൂണ്ടികാട്ടി.
കെആര്‍ഇഎംഎല്‍ന് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം കോടതി അംഗീകരിച്ചില്ല. സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ചില രേഖകള്‍ കുഴല്‍നാടന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും വാദിച്ചു