കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ന്യുമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ട് ദിവസമായി ചികിത്സയിരിക്കെ ഇന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഇരുന്നൂറ് സിനിമകളിലായി 700 ഓളം ഗാനങ്ങള്‍ രചിച്ചു. ബാഹുബലി, ആര്‍ആര്‍ആര്‍ അടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും എഴുതി. ഗാനരചനയോടൊപ്പം സിനിമാസംവിധാനത്തിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍, നാടന്‍ പാട്ടിന്റെ മടിശീല, ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍, ആഷാഢമാസം, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകള്‍ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരന്‍ സിനിമകളിലാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.
200ഓളം അന്യഭാഷ ചിത്രങ്ങളെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തതും മങ്കൊമ്പായിരുന്നു. ബാഹുബലിയിലെ ഗാനങ്ങളും അദ്ദേഹം തന്നെയാണ് മലയാളത്തിലേക്ക് മൊഴി മാറ്റിയത്.