മത്സര പ്പരീക്ഷക്കൊരുങ്ങുന്നവരുടെ മുഴുവൻ ചെലവും വഹിക്കാനൊരുങ്ങി മലപ്പുറം നഗരസഭ. പ്രാഥമിക വിദ്യാലയംതൊട്ട് ഹയർസെക്കൻഡറി വരെയും, പി.എസ്.സി. പരീക്ഷാ പരിശീലനത്തിനും വിദ്യാർഥികൾക്കു പഠനത്തിനു ഇനി ഫീസ് നൽകേണ്ട. മലപ്പുറത്തു നഗരസഭയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്കുവേണ്ടി ആരംഭിച്ച പ്രത്യേക വിദ്യഭ്യാസ പ്രോത്സാഹന പദ്ധതി ‘മുന്നേറ്റം’ നഗരസഭാധ്യക്ഷൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ പ്രദേശത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിൽ പഠിക്കുന്നവർക്കുള്ള ഫീസുകൾ നഗരസഭാ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നൽകും. തുല്യതാപരീക്ഷ എഴുതുന്ന മുഴുവൻ പഠിതാക്കളുടെ തുകയും പരീക്ഷാഫീസും നഗരസഭ വഹിക്കും. ഫീസ് ഫ്രീ നഗരസഭയായി മാറുന്ന ആദ്യത്തെ തദ്ദേശ സ്ഥാപനമായി മലപ്പുറത്തെ മാറ്റും.
നിലവിൽ എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്., സി.യു.ഇ.ടി. പ്രവേശന ഫീസ്, മുന്നേറ്റം സ്പെഷ്യൽ കോച്ചിങ്, സാക്ഷരത, തുല്യതാ പരീക്ഷകൾ എന്നിവയുടെ എല്ലാം ഫീസുകളും നഗരസഭയാണ് നൽകുന്നത്.