രാജ്യസഭാ സീറ്റ് ആര്‍ക്ക് ? അവകാശമുന്നയിച്ച് സിപിഐയും കേരള കോണ്‍ഗ്രസും; സീറ്റ് മോഹിച്ച് എം എ ബേബിയും; മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകം

Written by Taniniram

Updated on:

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ ഇടതുപക്ഷത്ത് നിര്‍ണ്ണായകമാകുക മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം. മൂന്ന് സീറ്റിലാണ് ഒഴിവ്. അതില്‍ രണ്ടെണ്ണത്തില്‍ ഇടതിന് ജയിക്കാന്‍ കഴിയും. ഒഴിവ് വരുന്ന മൂന്നും ഇടതുപക്ഷത്തിന്റേതാണ്. സിപിഎമ്മിനും സിപിഐയ്ക്കും കേരളാ കോണ്‍ഗ്രസ് എമ്മിനും ഇതില്‍ അവകാശ വാദമുണ്ട്. സിപിഐയും കേരളാ കോണ്‍ഗ്രസും വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. ഇനി മൂന്ന് കൊല്ലം കഴിഞ്ഞേ രാജ്യസഭയിലേക്ക് ഒഴിവും വരൂ. അതുകൊണ്ട് തന്നെ ഇടതു മുന്നണിയില്‍ പൊട്ടിത്തെറിയാകാന്‍ ഈ വിവാദം വഴിയൊരുക്കും. മുഖ്യമന്ത്രി പിണറായി ഈ സാഹചര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാജ്യസഭയിലേക്കുള്ള നടപടി ക്രമങ്ങള്‍ തുടങ്ങൂ. അതുകൊണ്ട് തന്നെ ജൂണ്‍ നാലിന് പുറത്തു വരുന്ന ഫലം നിര്‍ണ്ണായകമാകും. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം ജയിച്ചാല്‍ അവര്‍ തങ്ങളുടെ കരുത്ത് ചര്‍ച്ചയാക്കും. ഇതിനൊപ്പം പത്തനംതിട്ടയിലേയും ഇടുക്കിയിലേയും ഫലവും കേരളാ കോണ്‍ഗ്രസ് ചര്‍ച്ചയാക്കാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയ വിലയിരുത്തല്‍ അനുസരിച്ച് മൂന്നിടത്തും ഇടതുപക്ഷം പ്രതീക്ഷ വയ്ക്കുന്നില്ല. അങ്ങനെ എങ്കില്‍ കേരളാ കോണ്‍ഗ്രസിന് ശക്തിക്ഷയിച്ചുവെന്ന വിലയിരുത്തലില്‍ രാജ്യസഭയില്‍ സിപിഎം സീറ്റ് നല്‍കില്ല. സിപിഐയുടെ അവകാശം സിപിഎം അംഗീകരിക്കാനാണ് ഏത് സാഹചര്യത്തിലും സാധ്യത. സിപിഎമ്മിന് സീറ്റ് വേണ്ടെന്ന് വച്ച് കേരളാ കോണ്‍ഗ്രസിന് അത് നല്‍കുമോ എന്നത് ലോക്‌സഭയില്‍ കേരളാ കോണ്‍ഗ്രസ് മേഖലയിലെ വോട്ടിംഗ് പാറ്റേണ്‍ അനുസരിച്ചാകും.

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് രാജ്യസഭയിലെ പാര്‍ട്ടിയുടെ അംഗം. ഈ പദവിയുമായാണ് കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയിലേക്ക് വന്നത്. ഇതിനൊപ്പം ലോക്‌സഭാ എംപിയും ഇടതുപക്ഷത്തേക്ക് കൂറുമാറുമ്പോള്‍ കേരളാ കോണ്‍ഗ്രസിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോട്ടയം ലോക്‌സഭാ സീറ്റിനൊപ്പം രാജ്യസഭാ സീറ്റും കേരളാ കോണ്‍ഗ്രസിന് മാറ്റിവയ്ക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പിണറായി വിജയനുമായി ജോസ് കെ മാണിയ്ക്ക് നല്ല ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പിണറായി വിജയന്‍റെ നിലപാട് അനുകൂലമാകുമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

എളമരം കരിമും ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രാജ്യസഭാ അംഗമാണ്. ഈ ഒഴിവില്‍ രാജ്യസഭയിലെത്താന്‍ എംഎ ബേബി അടക്കം ആഗ്രഹിക്കുന്നുണ്ട്. ജോണ്‍ ബ്രിട്ടാസും വി ശിവദാസനും എഎ റഹിമുമാണ് സിപിഎമ്മിന്‍റെ മറ്റ് രാജ്യസഭാ അംഗങ്ങള്‍. ദേശീയ രാഷ്ട്രീയത്തില്‍ നിറയാന്‍ രാജ്യസഭയില്‍ നിലവിലുള്ള നാല് അംഗങ്ങളെ സിപിഎമ്മിനും അനിവാര്യതയാണെന്ന വിലയിരുത്തല്‍ ഉയരുന്നുണ്ട്. ലോക്‌സഭയില്‍ സിപിഎമ്മിന് സീറ്റ് കൂടിയാല്‍ ഇത് അനിവാര്യതയാകും. അല്ലെങ്കിലും രാജ്യസഭയിലെങ്കിലും പരമാവധി ശബ്ദമുയര്‍ത്തി ദേശീയ ശ്രദ്ധയില്‍ നില്‍ക്കാന്‍ സിപിഎം ദേശീയ നേതൃത്വം ആഗ്രഹിക്കും. 

അതുകൊണ്ട് തന്നെ ജോസ് കെ മാണിയ്ക്ക് സിപിഎമ്മിലെ വലിയൊരു ഭാഗം എതിരായി മാറും. അപ്പോഴും പിണറായി ഉറച്ച നിലപാട് എടുത്താല്‍ വീണ്ടും ജോസ് കെ മാണിക്ക് രാജ്യസഭയിലേക്ക് എത്താനാകും.

See also  രണ്ട് മന്ത്രിമാര്‍ രാജി വയ്ക്കും; രണ്ട് പേര്‍ മന്ത്രിമാരാകും; ഗണേശ്, കടന്നപ്പള്ളി സത്യപ്രതിഞ്ജ 29 ന്; 24 ന് ഇടതുമുന്നണി യോഗം

Leave a Comment