അസഹ്യമായ ചൂട് പശുക്കൾ ചത്തു വീഴുന്നു: പാൽ ഉൽപാദന മേഖല പ്രതിസന്ധിയിലേക്കോ?

Written by Taniniram

Updated on:

കണ്ണാറ: ചൂട് പൊള്ളുന്ന ചൂട്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ചൂട് ബാധിച്ചു തുടങ്ങി. അസഹനീയമായ വേനല്‍ ചൂടിനെ തുടര്‍ന്ന് കണ്ണാറയില്‍ പശു ഫാം നടത്തുന്ന വിലങ്ങന്നൂര്‍ നടുവേലില്‍ ലിജോയുടെ മൂന്നു പശുക്കള്‍ കഴിഞ്ഞ ദിവസങ്ങളിലായി ചത്തു. ഹോള്‍സ്‌റ്റൈയ്ന്‍ ഫ്രീഷ്യന്‍ (എച്ച് എഫ്) ഇനത്തില്‍ പെട്ട പശുക്കളാണ് ചത്തത്. ഇതിനു പുറമെ മൂന്നു പശുക്കളുടെ ഗര്‍ഭം അലസുകയും ചെയ്തു. എപ്രില്‍ 27 നാണ് ആദ്യ പശു ചത്തത്. തുടര്‍ന്നു നടത്തിയ രക്തപരിശോധനയില്‍ അസഹനീയമായ ചൂട് അതിജീവിക്കാന്‍ കഴിയാതെയാണ് പശു ചത്തതെന്ന് വ്യക്തമായി. മറ്റ് അസുഖങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹീറ്റ് സ്‌ട്രെസ്സാണ് പശുക്കളുടെ മരണകാരണമെന്ന് മണ്ണുത്തി വെറ്റിറനറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അസഹനീയമായ ചൂട് അനുഭവിച്ചതിന്‍റെ ലക്ഷണങ്ങള്‍ പശുക്കളുടെ ശരീരത്തിലുണ്ടായിരുന്നു. അമിതമായ ചൂടില്‍ രക്തക്കുഴലുകള്‍ പൊട്ടി ആന്തരിക രക്തസ്രാവമുണ്ടായി ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിക്കുന്നത്. ആദ്യത്തെ പശു ചത്തതിനെ തുടര്‍ന്ന് പശുക്കളുടെ ശരീരം ഇടയ്ക്കിടെ തണുപ്പിക്കാനായി തൊഴുത്തില്‍ മിസ്റ്റ് സംവിധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുവെങ്കിലും ഏപ്രില്‍ 30നും മെയ് നാലിനുമായി രണ്ടു പശുക്കള്‍കൂടി ചത്തു. ചൂട് കൂടുതല്‍ അനുഭവപ്പെട്ട ഏപ്രില്‍ അവസാനവും മെയ് ആദ്യവാരത്തിലുമാണ് പശുക്കള്‍ ചത്തതും മറ്റ് മൂന്ന് പശുക്കളുടെ ഗര്‍ഭം അലസിയതും. ഇതു മൂലം രണ്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ക്ഷീരവികസന വകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. പശുക്കള്‍ക്ക് സാധാരണയായി വരാറുള്ള അസുഖങ്ങളെക്കുറിച്ചുള്ള പരിശോധനകള്‍ പതിവായി നടത്താറുണ്ടായിരുന്നു.

സങ്കരയിനം പശുക്കള്‍ക്ക് അതിജീവിക്കാന്‍ കഴിയാത്ത തരത്തില്‍ അന്തരീക്ഷ താപനില ഉയര്‍ന്നിട്ടുള്ളത് പശു കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാലുല്‍പാദനവും ഗണ്യമായി കുറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലാകട്ടെ സാധാരണ ലഭിക്കാറുള്ള വേനല്‍മഴയും ഈ വര്‍ഷം കിട്ടാതെ പോയതും അത്യുഷ്ണത്തിന് കാരണമായി. ചൂടുമൂലം വേറെയും പശുക്കള്‍ ചത്തിട്ടുണ്ടെന്നാണ് അറിയുന്ന വിവരങ്ങള്‍. ചൂടു മൂലം കേരളത്തില്‍ ഈ വര്‍ഷം അഞ്ഞൂറിലേറെ പശുക്കള്‍ ചത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അന്തരീക്ഷ താപനിലയില്‍ കുറവുവന്നില്ലെങ്കില്‍ കാലിവളര്‍ത്തല്‍ മേഖലയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.

See also  മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ ഭക്ഷ്യ വിഷബാധ

Leave a Comment