കൊച്ചി (Kochi): തലേദിവസം മദ്യപിച്ചവര്‍ പിറ്റേന്ന് രാവിലെ വാഹനം ഓടിച്ചാല്‍ലും പരിശോധനയില്‍ കുടുങ്ങും. ലഹരിയുടെ കെട്ടിറങ്ങിയിട്ടില്ലെങ്കില്‍ റോഡില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും പരിശോധനയില്‍ പിടിക്കപ്പെടും. അന്‍പതോളം പേരുടെ ഡ്രൈവിങ് ലൈസന്‍സാണ് തലേദിവസത്തെ മദ്യത്തിന്റെ കെട്ടിറങ്ങാതിരുന്നതിന്റെ പേരില്‍ സമീപകാലത്ത് സസ്പെന്‍ഷനിലായത്.
അഞ്ചുമാസത്തിനിടെ കൊച്ചി നഗരത്തിലും പരിസരത്തുമായി 552 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റോഡിലെ നിയമലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തു. ഇതില്‍ 237 പേര്‍ മദ്യപിച്ച ശേഷം വാഹനമോടിച്ചവരാണ്. ഈ 237 പേരില്‍ അന്‍പതോളം പേരാണ് തലേദിവസത്തെ ലഹരി പൂര്‍ണമായും ഇറങ്ങാത്തതിന്റെ പേരില്‍ കുരുങ്ങിയതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തങ്ങള്‍ മദ്യപിച്ചിരുന്നില്ലായെന്ന നിലപാടില്‍ ചിലര്‍ ഉറച്ചുനിന്നു. അന്വേഷിച്ചപ്പോള്‍ ഇതു ശരിയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. എന്നാല്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിക്കുമ്പോള്‍ മദ്യത്തിന്റെ അളവ് പരിധിയില്‍ കൂടുതല്‍ കാണിച്ചതിനാല്‍ നടപടിയെടുക്കേണ്ടതായി വന്നു. തലേദിവസം വൈകും വരെ മദ്യപിച്ച ശേഷം പിറ്റേന്ന് വാഹനമോടിക്കുന്ന ചിലര്‍ക്ക് അന്ന് ഉച്ചവരെയെങ്കിലും ഈ പ്രശ്നം നേരിടേണ്ടി വരുന്നുണ്ട്.