കടകംപള്ളി സുരേന്ദ്രന്‍ മേയറെ വേദിയിലിരുത്തി കടുത്ത വിമര്‍ശനം

Written by Web Desk1

Published on:

തിരുവനന്തപുരം: ”രണ്ട് മൂന്ന് പദ്ധതികളുടെ നടത്തിപ്പ് തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു. നേതൃത്വം കൊടുക്കുന്നവരെ ഞാന്‍ കുറ്റം പറയുന്നില്ല; പോരായ്മയുണ്ടെന്നത് വാസ്തവമാണ്” എന്ന് മേയറെ വേദിയിലിരുത്തി കടുത്ത വിമര്‍ശനമുയര്‍ത്തി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ സംസാരിക്കവെയാണ് വികസന പദ്ധതികളുടെ മെല്ലപ്പോക്കിനെതിരേ ഭരണസമിതിയെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചത്. അമൃത് പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ തടവിലാക്കുന്ന സാഹചര്യമാണ്. വര്‍ഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു വികസന സെമിനാറിന്റെ ഉദ്ഘാടകന്‍. മന്ത്രി വേദി വിട്ടതിന് പിന്നാലെ അധ്യക്ഷയായിരുന്ന മേയര്‍ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴക്കൂട്ടം എംഎല്‍എ കൂടിയായ കടകംപള്ളിയുടെ വാക്കുകള്‍.

”പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. രണ്ട് മൂന്ന് പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചുവര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന പോരായ്മയുണ്ട്. നഗരസഭയുടെ പോരായ്മയാണെന്നൊന്നും ഞാന്‍ പറയില്ല. കൗണ്‍സിലര്‍മാരുടേയോ നഗരസഭയ്‌ക്ക് നേതൃത്വം കൊടുക്കുന്നവരുടേയോ പോരായ്മായി ഞാന്‍ പറയുന്നില്ല. എന്നാല്‍ പോരായ്മയുണ്ടെന്നത് വാസ്തവമാണ്”, കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ട്. അമൃത് പദ്ധതിയുടെ ഭാഗമായി എത്ര ഗുരുതരമായ അവസ്ഥയാണെന്ന് പറയേണ്ട കാര്യമില്ല. പദ്ധതി നടപ്പിലാക്കുമ്പോള്‍ രണ്ടും മൂന്നും നാലും വര്‍ഷമായി ജനങ്ങളെ തടവിലാക്കുന്ന അവസ്ഥയാണ്. ചില പദ്ധതികള്‍ തുടങ്ങിയത് എവിടേയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി പറഞ്ഞു.

കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ് കഴക്കൂട്ടത്തെ ശ്മശാനം നവീകരിക്കാന്‍ തീരുമാനിച്ചത്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നില്ല. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നില്ല. കൗണ്‍സിലര്‍മാര്‍ ഫയലുകള്‍ ഒരു മേശയില്‍ നിന്ന് അടുത്ത മേശയില്‍ എത്തിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വികസന സെമിനാര്‍ പേരിന് മാത്രം നടത്തുകയായിരുന്നുവെന്നും ഗൗരവമായ ചര്‍ച്ചകളോ അവതരണങ്ങളോ നടന്നില്ലെന്നും ബിജെപി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഒന്നര മണിക്കൂറിനുള്ളില്‍ അവതരണവും ചര്‍ച്ചയും എല്ലാം തീര്‍ത്ത് സെമിനാര്‍ അവസാനിപ്പിക്കുയും ചെയ്തു.

വി.കെ. പ്രശാന്ത് എംഎല്‍എ, നവകേരളം കര്‍മപദ്ധതി സ്‌റ്റേറ്റ് കോഡിനേറ്റര്‍ ടി.എന്‍. സീമ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ബിജെപി കൗണ്‍സില്‍ കക്ഷി നേതാവ് എം.ആര്‍. ഗോപന്‍, കോണ്‍ഗ്രസ് കൗണ്‍സില്‍ കക്ഷി നേതാവ് ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

See also  സീരിയൽ ചലച്ചിത്ര നടൻ കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

Related News

Related News

Leave a Comment