‘ഇടതുപക്ഷത്തെ തകര്‍ക്കണമെങ്കില്‍ തലയ്ക്കടിക്കണം, ആ തല ഇപ്പോള്‍ പിണറായി വിജയനാണ്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

Written by Web Desk1

Published on:

കോഴിക്കോട് (Kozhikodu) : മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടതുപക്ഷത്തെ തകര്‍ക്കണമെങ്കില്‍ തലയ്ക്കടിക്കണമെന്ന് പ്രതിപക്ഷത്തിന് കൃത്യമായി അറിയാം. ആ തല ഇപ്പോള്‍ പിണറായി വിജയനാണ്. ഇന്നലെ വേറെ ആളായിരുന്നു. നാളെ മറ്റൊരാളാകും. ആരാണോ തല, അതിനടിക്കും. താന്‍ ഈ പറഞ്ഞതിന് മാധ്യമങ്ങള്‍ എന്ത് വ്യാഖ്യാനം നല്‍കിയാലും കുഴപ്പമില്ല. പറയാനുള്ളത് താന്‍ പറയും. അതാണ് പാര്‍ട്ടി തന്നെ പഠിപ്പിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തെ മുഖ്യമന്ത്രിയെ ആക്രമിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോനയാണ് നടക്കുന്നത്. അതിന് പ്രതിപക്ഷവും മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. ഇന്നലെ മലപ്പുറം ജില്ലയേയും ഒരു പ്രത്യേക മതവിഭാഗത്തേയും മുഖ്യമന്ത്രി അപമാനിച്ചു എന്നായിരുന്നു മാധ്യമങ്ങളിലെ വാര്‍ത്ത. അതിന് പിന്നാലെ കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയും പ്രസ് സെക്രട്ടറിയും രംഗത്തെത്തിയതാണ്. എന്നാല്‍ വാര്‍ത്ത പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ മാധ്യമങ്ങള്‍ തയ്യാറായില്ലെന്ന് മന്ത്രി പറഞ്ഞു.

ആര്‍എസ്എസിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പാത സേവ ചെയ്യുന്നവര്‍, പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമാകുന്ന യുഡിഎഫിന്റെ ഓക്‌സിജന്‍ എന്നൊക്കെയാണ് മാധ്യമങ്ങള്‍ക്കുള്ള വിശേഷണങ്ങള്‍. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നിലെ അജണ്ട മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയാണ്. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഒരു പി ആര്‍ ഏജന്‍സിയുടേയും ആവശ്യമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത്, ഹവാല പണം ഏറ്റവും അധികം പിടികൂടിയത് മലപ്പുറത്തുനിന്നാണെന്നും ഇത് ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രം അച്ചടിച്ചത്. ഹിന്ദു പത്രത്തിലെ വാക്കുകള്‍ ഏറ്റെടുത്ത് പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷവും ഏറ്റെടുത്തു. സംഭവം വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് കത്തയച്ചു. ഇതിന് നല്‍കിയ മറുപടിയില്‍ പി ആര്‍ ഏജന്‍സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിമുഖം നല്‍കിയതെന്നായിരുന്നു ഹിന്ദു പത്രത്തിന്റെ വിശദീകരണം.

മുഖ്യമന്ത്രി സെപ്റ്റംബര്‍ 21 ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ വിശദീകരിച്ച കാര്യങ്ങള്‍ പി ആര്‍ ഏജന്‍സി അഭിമുഖത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമെന്നായിരുന്നു മുഖ്യമന്ത്രി അന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതാണ് ദേശദ്രോഹ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന രീതിയില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചത്.

See also  ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്

Related News

Related News

Leave a Comment